മുണ്ടുടുത്തെത്തിയ കർഷകനെ തടഞ്ഞ മാൾ അടച്ചുപൂട്ടാൻ ഉത്തരവ്

ബംഗളൂരു: മുണ്ടുടുത്തെത്തിയതിന് കർഷകനെ കയറാൻ അനുവദിക്കാതെ തടഞ്ഞ ബംഗളൂരുവിലെ മാൾ ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. കർണാടക നഗര വികസന മന്ത്രിയാണ് ബംഗളൂരുവിലെ ജി.ടി. മാളിനെതിരെ നടപടിയെടുത്തത്.

ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം മാളിൽ സിനിമ കാണാൻ എത്തിയ 70കാരനായ ഫകീരപ്പയെ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. മുണ്ടുടുത്ത് മാളിൽ കയറ്റാനാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പാന്‍റ് ധരിച്ചെത്തിയാൽ പ്രവേശനം അനുവദിക്കാമെന്നും പറഞ്ഞു. 

പരമ്പരാഗത 'പഞ്ചെ' എന്ന വേഷത്തിലാണ് അദ്ദേഹം എത്തിയിരുന്നത്. മാളിന് പുറത്ത് മകനൊപ്പം നിൽക്കുന്ന ഫകീരപ്പയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിരവധി തവണ അപേക്ഷിച്ചിട്ടും തങ്ങളെ കടത്തിവിട്ടില്ലെന്ന് മകൻ പറഞ്ഞു.

ഇതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രോഷം പ്രകടിപ്പിച്ച് രംഗത്തുവന്നു. വിവിധ സംഘടനകളും സംഭവത്തിൽ പ്രതികരിച്ചു . ഇതോടെ, സെക്യൂരിറ്റ് ജീവനക്കാർ മാപ്പു പറഞ്ഞു. മാൾ മാനേജ്മെന്‍റ് ഫക്കീരപ്പയോടും കുടംബത്തിനോടും ഔപചാരികമായി ക്ഷമാപണം നടത്തി.

ഈ സംഭവത്തോടെ, വിവേചനം, പാരമ്പര്യ വേഷത്തോടുള്ള ബഹുമാനം, വസ്ത്രധാരണരീതികൾ തുടങ്ങിയ വിഷയങ്ങളിൽ വൻ ചർച്ചയാണ് കർണാടക സൈബറിടങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും മുണ്ടുടുത്ത് എത്തി മാളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു.

Tags:    
News Summary - Orders to Shutdown Mall After Farmer Denied Entry In Dhoti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.