kasturirangan 908098

അന്തരിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. കസ്തൂരിരംഗന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തിമോപചാരം അർപ്പിക്കുന്നു

കസ്തൂരി രംഗൻ ഇനി ഓർമ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ബംഗളൂരു: അന്തരിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. കസ്തൂരിരംഗന്‍റെ സംസ്കാരം ഹെബ്ബാൾ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കർണാടക ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

വെള്ളിയാഴ്ച ബംഗളൂരുവിൽ അന്തരിച്ച അദ്ദേഹത്തിന്റെ ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതികശരീരം പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി രാമൻ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (ആർ.ആർ.ഐ) സൂക്ഷിച്ചിരുന്നു.

കസ്തൂരിരംഗന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച ഗവർണർ പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നിരവധി അവസരങ്ങളിൽ അദ്ദേഹവുമായുള്ള തന്റെ ഇടപെടലുകൾ അനുസ്മരിച്ചു. "രാഷ്ട്രത്തിനും ലോകത്തിനും വേണ്ടിയുള്ള തന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജീവിക്കുന്നു" ഗവർണർ പറഞ്ഞു.

കസ്തൂരിരംഗന്റെ വിയോഗം രാജ്യത്തിന്, പ്രത്യേകിച്ച് ശാസ്ത്ര സമൂഹത്തിന്, നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പുഷ്പാർച്ചന നടത്തിയ ശേഷം പറഞ്ഞു. "ബഹിരാകാശ ശാസ്ത്രമേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ദീർഘകാലം അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരുന്നു. വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തെ മറക്കാൻ കഴിയില്ല. ലോകമെമ്പാടും നിന്ന് അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഉന്നതതല വർക്കിങ് ഗ്രൂപ്പിന്റെ ചെയർമാനായും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കർണാടകക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്' -മുഖ്യമന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ ഐ.എസ്.ആർ.ഒ മേധാവികളായ എ.എസ്. കിരൺ കുമാർ, കെ. ശിവൻ, എസ്. സോമനാഥ് എന്നിവർ കസ്തൂരിരംഗന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.

ശാസ്ത്ര, അക്കാദമിക് മേഖലയിൽ നിന്നും ഐ.എസ്.ആർ.ഒയിൽ നിന്നുമുള്ള നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. കസ്തൂരിരംഗനുമായുള്ള 50 വർഷത്തെ ബന്ധം എ.എസ്. കിരൺ കുമാർ  അനുസ്മരിച്ചു. ഐ.എസ്.ആർ.ഒക്ക് മാത്രമല്ല, രാജ്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാനാവില്ല. ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് മാത്രമല്ല, രാജ്യസഭാംഗം, കർണാടക നോളജ് കമീഷൻ മേധാവി, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടന്നു. രാജ്യത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ അപൂർവമായതിനാൽ നമുക്കെല്ലാവർക്കും വലിയ നഷ്ടമാണ് വിയോഗം -കിരൺ കുമാർ പറഞ്ഞു.

കസ്തൂരിരംഗന്റെ വിയോഗം രാജ്യത്തിനാകെ ഒരു നഷ്ടമാണെന്ന് കെ. ശിവൻ പറഞ്ഞു. ശാസ്ത്രത്തിനും, അക്കാദമിക മേഖലയ്ക്കും, ഐ.എസ്.ആർ.ഒയുടെ നിലവിലെ വളർച്ചക്കും അദ്ദേഹം വലിയ സംഭാവനകൾ നൽകി. "ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന കാലത്താണ് പരീക്ഷണ ഘട്ടത്തിൽ നിന്ന് പ്രവർത്തന ഘട്ടത്തിലേക്കുള്ള മാറ്റം സംഭവിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയും ചില നൂതന ഉപഗ്രഹങ്ങളോടൊപ്പം പ്രവർത്തനക്ഷമമായി. ഞാൻ ചെയർമാനായിരുന്നപ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു, അത് എല്ലായ്പ്പോഴും സഹായകരമായിരുന്നു' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ormer ISRO Chief K Kasturirangan cremated with state honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.