ചെന്നൈ: ബി.ജെ.പി വീണ്ടും അധികാരത്തിൽവന്നാൽ പാചകവാതക വില വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനൽകാനാകുമോയെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറിന് നൂറുരൂപ കുറച്ചതിനെ ചിദംബരം സ്വാഗതം ചെയ്തു. സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിയം വില കുറക്കുമെന്നും രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുമെന്നും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുമുള്ള വാഗ്ദാനം നടപ്പിലാക്കാത്തതിനെ ചിദംബരം വിമർശിച്ചു.
ഫെബ്രുവരി 22 മുതൽ മാർച്ച് 7 വരെ തമിഴ്നാടിന് 17,300 കോടി രൂപ ഉൾപ്പെടെ 5.90 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇവയെക്കുറിച്ചൊന്നും പരാമർശിക്കുന്നില്ല. ഈ പ്രഖ്യാപനങ്ങൾ കടലാസ് പൂ പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് രാഹുൽ ഗാന്ധി നൽകിയ അഞ്ച് ഉറപ്പുകൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുൾപ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിലെ 30 ലക്ഷം ഒഴിവുകൾ നികത്തൽ, ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കുമായി അപ്രന്റിസ്ഷിപ് നിയമം, സർക്കാർ നിയമനങ്ങളിൽ ചോദ്യക്കടലാസ് ചോർച്ച തടയൽ തുടങ്ങിയവ ഈ ഉറപ്പുകളിലുൾപ്പെടുമെന്ന് പ്രകടന പത്രിക സമിതി തലവൻ കൂടിയായ ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.