നിരപരാധികളായ വിനോദസഞ്ചാരികൾക്കുനേരെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം വെറും ഭീരുത്വ പ്രവൃത്തി മാത്രമല്ല; കശ്മീരിനും കശ്മീരികളുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താഴ്വരയിൽ നിലനിന്നിരുന്ന സമാധാനത്തിനും സ്വസ്ഥതക്കുംമേൽ കനത്ത പ്രഹരമേൽപിച്ചിരിക്കുകയാണ് ഭീകരർ.
യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സമയത്താണ് ഈ ആക്രമണം നടമാടിയത്. പ്രവാസി പാകിസ്താനികൾക്കിടയിൽ വ്യാപകമായി പ്രചരിച്ച പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ പ്രസംഗത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ആക്രമണമെന്നതും കാണേണ്ടതുണ്ട്. കശ്മീർ പാകിസ്താന്റെ കിരീടമാണെന്ന് ജനറൽ മുനീർ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ പാകിസ്താന് പങ്കുണ്ടെന്നത് വ്യക്തമാണ്. ഈ ആക്രമണവും പാകിസ്താനിലെ ഏമാന്മാരുടെ നിർദേശാനുസാരമാവാം ഭീകരവാദികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. എന്നിരുന്നാലും, ഈ ധിക്കാരപ്രവൃത്തി നടപ്പാക്കാൻ അവരെ പ്രേരിപ്പിച്ച ആഭ്യന്തര ഘടകങ്ങളും നാം വിശകലനം ചെയ്യേണ്ടതുണ്ട്.
ഒരു വർഷത്തിനിടെ പിർ പഞ്ജൽ പർവതനിരകളുടെ തെക്കുഭാഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നതിനാൽ ധാരാളം സൈനികരെ അവിടേക്ക് തിരിച്ചുവിട്ടതായി തോന്നുന്നു. ഏകദേശം ഒരു മാസത്തിനുള്ളിൽ അമർനാഥ് യാത്രക്കായുള്ള തയാറെടുപ്പിനായി ഈ പ്രദേശം സൈന്യത്താൽ നിറഞ്ഞിരിക്കുമെന്നും അപ്പോൾ ഇത്തരമൊരു ആക്രമണം ബുദ്ധിമുട്ടായിരിക്കുമെന്നും ഭീകരവാദികൾ മനസ്സിലാക്കിയിരിക്കണം. മുമ്പും വേനൽക്കാലമാണ് ഭീകരർ ഓപറേഷനുകൾക്ക് സൗകര്യമുള്ള സമയമായി കണ്ടത്. ചുരങ്ങൾ തുറന്ന സമയമാണെന്നത് അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എളുപ്പമാക്കും. സ്ലീപ്പർ സെല്ലുകൾക്ക് സജീവമാകാനും ഇത് അവസരമൊരുക്കുന്നു. ഒരുപക്ഷേ ഇത് കണക്കിലെടുക്കുന്നതിൽ സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിരിക്കാം. ഭീകരവാദികളുടെ എളുപ്പത്തിലുള്ള ഉന്നമായ വിനോദസഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിയെത്തുന്ന കാലമാണിത്.
ഭീകരവാദികളുടെ പദ്ധതികൾ സംബന്ധിച്ച് എന്തെങ്കിലും സൂചനകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തുകയോ അത്തരം വിവരങ്ങൾ സുരക്ഷാ സേനയുമായി പങ്കുവെക്കുകയോ ചെയ്തിരുന്നുവോ എന്നറിയേണ്ടതുണ്ട്. ഭീകരവാദികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്വരൂപിക്കുകയും കൈമാറുകയും ചെയ്യുക എന്ന യഥാർഥ ദൗത്യത്തിൽനിന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിലേക്ക് അവരുടെ ശ്രദ്ധ മാറിയിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സംഭവത്തെ വർഗീയവത്കരിക്കാനുള്ള പ്രവണത ഒഴിവാക്കണം എന്നതാണ് മറ്റൊരു പ്രധാന വശം. പല ചാനലുകളും പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് വിനോദസഞ്ചാരികളുടെ പേരുകൾ ചോദിച്ചതിന് ശേഷമാണ് ഭീകരർ അവർക്കു നേരെ വെടിയുതിർത്തതെന്ന് പറയുന്നു. ഭീകരവാദികൾ വിവേചനരഹിതമായി വെടിയുതിർത്തുവെന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമാണിത്.
സംഭവത്തിൽ പാകിസ്താന്റെ പങ്ക് നിഷേധിക്കാനാവില്ലെങ്കിലും, ബാലാകോട്ട് ആക്രമണ മാതൃകയിൽ പ്രതികാര നടപടി സ്വീകരിക്കണമെന്ന് പലരും ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനു മുമ്പ് എല്ലാ ഘടകങ്ങളും ശരിയായി വിശകലനം ചെയ്യുക എന്നത് പ്രധാനമാണ്. ബാലാകോട്ട് ആക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും വിശകലനം ചെയ്താൽ, സംഘർഷം രൂക്ഷമാകുന്നതും കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നതും തടയാൻ അതിശക്തമായ പിന്നണി നീക്കങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് വ്യക്തമാകും. ബലൂചിസ്താനിലെ പ്രശ്നങ്ങളിൽ ആണ്ടുനിൽക്കുകയാണെങ്കിലും, തിരിച്ചടിക്കാനും സംഘർഷം രൂക്ഷമാക്കാനുമുള്ള കഴിവ് പാകിസ്താൻ നിലനിർത്തിപ്പോരുന്നുണ്ട്. ഈ ഹീനമായ ആക്രമണം താഴ്വരയിലെ നമ്മുടെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകളിലേക്കും ഇന്റലിജൻസ് പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയിലേക്കുമാണ് വിരൽചൂണ്ടുന്നത്.
കാലങ്ങളായി സംഘർഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് -ഭീകരവാദികൾ അവർക്ക് തോന്നും പടിയെല്ലാം ആക്രമണം നടത്താൻ ആവർത്തിച്ച് വരുന്ന ഒരു പ്രദേശത്ത് - ഒരുതരം അലംഭാവങ്ങളും ഉണ്ടായിക്കൂടാ. സമാധാനം തകർക്കലും ഭീതി പടർത്തലുമായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം. കൊല്ലപ്പെട്ടതോ കീഴടങ്ങിയതോ ആയ തീവ്രവാദികളുടെ എണ്ണത്തിൽ മാത്രം ചിന്തിക്കുകയും, അല്ലെങ്കിൽ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യുന്നത് സമാധാനം കൊണ്ടുവരുമെന്ന് കരുതുന്നവരുമായ പ്രശ്നത്തിന്റെ അന്തർലീനമായ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെടുന്ന നയരൂപകർത്താക്കളുടെ കാഴ്ചപ്പാടില്ലായ്മയും ഈ ആക്രമണം തുറന്നുകാട്ടുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിവൃദ്ധിപ്പെട്ടു തുടങ്ങിയ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ ഈ ആക്രമണം കശ്മീരിന്റെ സമ്പദ്വ്യവസ്ഥയെയാണ് ക്ഷയിപ്പിക്കുക. ഈ കേന്ദ്രഭരണ പ്രദേശത്ത് രഹസ്യാന്വേഷണ സംവിധാനങ്ങൾ സുസജ്ജമാക്കുകയും സുരക്ഷാസേന ജാഗ്രത കൈവിടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.