ന്യഡൽഹി: പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. അതിനെ തികച്ചും ഇസ്‍ലാമിക വിരുദ്ധം എന്നും ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങളെ ലംഘിക്കുന്ന ഒരു ഭയാനകമായ പ്രവൃത്തിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇമാം ബുഖാരിയുടെ വാക്കുകൾ. 26 പേരുടെ ജീവൻ അപഹരിച്ച -അവരിൽ ഭൂരിഭാഗവും വിനോദ സഞ്ചാരികൾ- പഹൽഗാം കൂട്ടക്കൊലയുടെ കുറ്റവാളികൾ മുസ്‍ലിംകളാണെന്ന് അവകാശപ്പെട്ടേക്കാം. പക്ഷേ, അവരുടെ പ്രവർത്തനങ്ങൾ ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
‘ഒരു മനുഷ്യനെ കൊല്ലുന്നത് എല്ലാ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണ്. ഒരാളെ രക്ഷിക്കുന്നത് എല്ലാ മനുഷ്യരാശിയെയും രക്ഷിക്കുന്നതിന് തുല്യമാണ്’ എന്ന് ഖുർആൻ ഉദ്ധരിച്ച് ബുഖാരി പറഞ്ഞു. നിരപരാധികളുടെ രക്തം ചൊരിയുന്നത് ഇസ്‍ലാമിൽ ഗുരുതരമായ പാപമാണെന്നും അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അവർ ഏതുതരം ഇസ്‍ലാമാണ് പഠിച്ചതും പഠിപ്പിച്ചതുമെന്നും അദ്ദേഹം ചോദിച്ചു. പ്രാർത്ഥനകൾക്കുശേഷം തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ജമ്മു കശ്മീരിലെ ക്രൂരമായ കൊലപാതകങ്ങളിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികൾ പള്ളിയുടെ പടികളിൽ പ്രതിഷേധ പ്രകടനം നടത്തി.
‘രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച’ സംഭവമാണിതെന്ന് വിശേഷിപ്പിച്ച ബുഖാരി, മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യം വെക്കുന്നതിനെ അപലപിച്ചു. ‘ആളുകളുടെ വിശ്വാസം തിരിച്ചറിയാൻ വേണ്ടി വസ്ത്രം മാറ്റി, അവർ ഹിന്ദുക്കളാണെന്ന് മനസ്സിലാക്കിയപ്പോൾ അവരെ നിഷ്കരുണം കൊലപ്പെടുത്തി. ഇത് പൊറുക്കാനാവാത്ത കുറ്റകൃത്യം ആണെ’ന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇസ്‍ലാമിൽ ഇത്തരം പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും അതിന്റെ ചരിത്രത്തെയോ സംസ്കാരത്തെയോ പഠിപ്പിക്കലുകളെയോ അവ പ്രതിഫലിപ്പിക്കുന്നില്ലെന്നും ബുഖാരി ഊന്നിപ്പറഞ്ഞു. ഇത്തരം അക്രമങ്ങൾ നിയന്ത്രണാതീതമായി തുടർന്നാൽ അത് രാജ്യത്തിന്റെ സാമൂഹിക ഘടനക്കും ഐക്യത്തിനും ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഇത് ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിക്കാനുള്ള സമയമല്ല. നമ്മുടെ രാജ്യത്തിന്റെ ബഹുമാനത്തിനും അന്തസ്സിനും പരമാധികാരത്തിനും വേണ്ടി ഒന്നിക്കേണ്ട സമയമാണിത്’ പറഞ്ഞുകൊണ്ട് വിദ്വേഷത്തിനെതിരെ ഒരുമിച്ച് നിൽക്കാൻ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു.
ഇരകൾക്കുവേണ്ടി ദുഃഖം പ്രകടിപ്പിച്ചും, ഇന്ത്യയെ ലോകത്തിൽ വേറിട്ടു നിർത്തുന്ന സമത്വം, സമാധാനം, സഹവർത്തിത്വം എന്നീ സവിശേഷ മൂല്യങ്ങളെക്കുറിച്ച് രാഷ്ട്രത്തെ ഓർമിപ്പിച്ചും അദ്ദേഹം പ്രഭാഷണം ഉപസംഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.