കരസേനയുടെ കോണാർക് കോർപ്സിന്റെ ബാറ്റിൽ ആക്സ് ഡിവിഷൻ രാജസ്ഥാനിലെ മരുഭൂമിയിൽ പരിശീലനം നടത്തുന്നു
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ ചൊല്ലി ഇന്ത്യ-പാക് നയതന്ത്രബന്ധങ്ങൾ വഷളാവുന്നതിനിടെ നിർണായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമായി സൈന്യം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വെള്ളിയാഴ്ച കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സിൻഹയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഒരു മണിക്കൂർ നീണ്ടു. പഹൽഗാമിലെ ക്രൂരകൃത്യത്തിന് തീവ്രവാദികൾ കനത്ത വില നൽകേണ്ടിവരുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ പറഞ്ഞു. കരസേനാ മേധാവിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന വ്യോമാഭ്യാസം സംഘടിപ്പിച്ചിരുന്നു. ‘ആക്രമണ്’ എന്ന് പേരിട്ട വാർഷിക വ്യോമാഭ്യാസത്തില്‍ റഫാല്‍, സുഖോയ്-30 യുദ്ധവിമാനങ്ങൾ പങ്കെടുത്തു. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ സേന നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ വ്യോമാഭ്യാസത്തിൽ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തിന്റെ ഭാഗമായി.
റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ. അംബാല, ഹഷിമാര വ്യോമകേന്ദ്രങ്ങളിൽനിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്. വ്യോമസേനയിലെ മുതിർന്ന പരിശീലകരുടെ നേതൃത്വത്തിലായിരുന്നു അഭ്യാസം. ഇന്ത്യൻ നാവികസേന കഴിഞ്ഞ ദിവസം അറബിക്കടലിൽ നിർണായക മിസൈൽ പരീക്ഷണം നടത്തിയിരുന്നു. നാവികസേനയുടെ ഏറ്റവും പുതിയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽനിന്നായിരുന്നു പരീക്ഷണം.
തറയിൽനിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മധ്യദൂര ഭൂതല-വ്യോമ മിസൈൽ (എം.ആർ.എസ്.എ.എം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഈ മിസൈലിന് 70 കിലോമീറ്റർ ദൂരപരിധിയിൽ ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ തകർക്കാൻ ശേഷിയുണ്ട്. ഇതിനിടെ, പ്രതികൂല കാലാവസ്ഥയിൽപോലും കൃത്യമായ നിരീക്ഷണശേഷിയുള്ള റഡാർ ഇമേജിങ് ചാര ഉപഗ്രഹം ഇന്ത്യ ഉടൻ വിക്ഷേപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.