ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം നടന്ന ബൈസരൺ താഴ്വരയിലേക്കുള്ള വഴിയിൽ സുരക്ഷക്കായി ഉള്ളത് നാല് ഗാർഡുകൾ മാത്രം. ഇവർക്ക് ആയുധങ്ങളുമില്ല. നാല് ഗാർഡുകളല്ലാതെ സുരക്ഷക്കായി മറ്റൊരു സംവിധാനവും ജമ്മുകശ്മീർ പൊലീസ് ഒരുക്കിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ, ബൈസരൺ താഴ്വരയിൽ സൈന്യത്തിന്റേയോ ജമ്മുകശ്മീർ പൊലീസിന്റേയോ സാന്നിധ്യമില്ല.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിനാളുകൾ എത്തുന്ന ജമ്മുകശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. നാല് പേരിൽ രണ്ട് പേരെ ബൈസരണിലേക്കുള്ള പാത തുടങ്ങുന്നടുത്താണ് നിയോഗിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേരെ ഈ പാത അവസാനിക്കുന്നടുത്തുമാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്.
വിനോദസഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ടൂറിസ്റ്റ് പൊലീസിനെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകരായ നാല് പേരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനായ അൽതാഫ് ഹുസൈൻ പറഞ്ഞു.
പഹൽഗാമിൽ തന്നെയാണ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ബറ്റാലിയന്റേയും ആർമി രാഷ്ട്രീയ റൈഫിൾസിന്റേയും ആസ്ഥാനമുള്ളത്. എന്നാൽ, ഈ സേനകളിലുള്ളവരെയൊന്നും പ്രദേശത്ത് വിന്യസിച്ചിട്ടില്ല.
നേരത്തെ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാവീഴ്ചയുണ്ടായതായി ആരോപിച്ച് പ്രതിപക്ഷം ഉൾപ്പടെ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.