കോൺഗ്രസിന്റെ വായിൽ നുണയുടെ ചോര പുരണ്ടെന്ന് മോദി; മണിപ്പൂർ ഓർമിപ്പിച്ച് ലോക്സഭ കലുഷിതമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്നലെ ബി.ജെ.പിയെയും മോദിയെയും നിർത്തിപ്പൊരിച്ച രാഹുൽ ഗാന്ധിക്ക് മറുപടി പറയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി​. വായിൽ രക്തംപുരണ്ട മൃഗത്തെപ്പോലെ കോൺഗ്രസിന്റെ വായിൽ നുണയുടെ ചോര പുരണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെ മണിപ്പൂർ ഓർമിപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.

അരാജകത്വം പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് നരഭോജിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. നന്ദിപ്രമേയ ചർച്ചയിൽ 2.15 മണിക്കൂർ നീണ്ട മറുപടി പ്രസം​ഗമാണ് പ്രധാനമന്ത്രി നടത്തിയത്. പ്രസംഗം ആരംഭിച്ചതുമുതൽ മണിപ്പുർ... മണിപ്പുർ... മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷം സഭയിൽ സജീവമായി. മണിപ്പൂരിന് നീതി നൽകൂ, വീ വാണ്ട് ജസ്റ്റിസ്, ഭാരത് ജോഡോ, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്യവാക്യങ്ങൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കാൾ ഉച്ചത്തിൽ സഭയിൽ മുഴങ്ങി.

പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കർ ഓം ബിർള, രാഹുൽ ​ഗാന്ധിക്കെതിരെ തിരിഞ്ഞു. ഇന്നലെ 90 മിനിറ്റ് സംസാരിക്കാൻ നിങ്ങളെ അനുവദിച്ചുവെന്നും ആരും നിങ്ങളെ തടഞ്ഞില്ലെന്നും പറഞ്ഞ സ്പീക്കർ ഇത്തരത്തിൽ പെരുമാറരുതെന്നും ശാസിച്ചു. എന്നാൽ, ഇതൊന്നും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ചിലർ ആഘോഷിക്കുന്നതെന്നും 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന് കുട്ടികളുടെ ബുദ്ധിയാണെന്ന് പ്രധാനമന്ത്രി പറയാതെ പറഞ്ഞു. 'ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു, 99 മാര്‍ക്ക് നേടിയ കുട്ടി അത് എല്ലാവരേയും കാണിച്ചു. 99 എന്ന് കേട്ടപ്പോൾ ആളുകള്‍ അവനെ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ചോദിച്ചു നിങ്ങള്‍ എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്ന്..? 100-ല്‍ 99 അല്ല, 543-ല്‍ 99 ആണ് കിട്ടിയതെന്ന് ടീച്ചര്‍ക്ക് പറയണമെന്നുണ്ടായിരുന്നു. കുട്ടികളുടെ ബുദ്ധിയല്ലേ. തോല്‍വിയില്‍ നിങ്ങള്‍ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഇപ്പോള്‍ ആ കുട്ടിയോട് ആരാണ് വിശദീകരിക്കുക. 1984ലെ തെരഞ്ഞെടുപ്പിന് ശേഷം 10 ലോക്സഭാ തെരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. എന്നാല്‍, ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് 250 കടക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്’ -മോദി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും വലിയ പരാജയം നേരിടേണ്ടിവന്ന ചില ആളുകളുടെ വേദന തനിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ നെഹ്‌റു തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചുവെന്നും ഗൂഢാലോചനയിലൂടെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ചുവെന്നും മോദി പറഞ്ഞു.

Tags:    
News Summary - Parliament Session 2024 "Chaos Can't Suppress Truth": PM On Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.