ന്യൂഡൽഹി: വഖഫ് ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി( ജെ.പി.സി)യുടെ കാലയളവ് ദീർഘിപ്പിക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യത്തിൽ സർക്കാറും സ്പീക്കറും മൗനം തുടരുന്നതിനിടയിൽ സമിതി ബുധനാഴ്ച യോഗം ചേരും.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സമിതി റിപ്പോർട്ട് ഈ മാസം 29ന് സമർപ്പിക്കാനുള്ള നടപടികളുമായി ചെയർമാൻ ജഗദാംബികാ പാൽ മുന്നോട്ടുപോകുന്നതിനാൽ ബുധനാഴ്ചയിലെ യോഗം നിർണായകമാകും.
സമിതിയുടെ സമയം നീട്ടി നൽകുമെന്ന നിലക്കാണ് സ്പീക്കർ സംസാരിച്ചതെന്ന് ജെ.പി.സിയിലെ പ്രതിപക്ഷ അംഗം എ. രാജ ‘മാധ്യമ’ത്തോടു പറഞ്ഞിരുന്നു. രാജക്ക് പുറമെ, എം. അബ്ദുല്ല (ഡി.എം.കെ), സഞ്ജയ് സിങ് (ആപ്), സയ്യിദ് നസീർ ഹുസൈൻ, മുഹമ്മദ് ജാവേദ്, ഇംറാൻ മസൂദ് (കോൺഗ്രസ്), മുഹീബുല്ല നദ്വി (എസ്.പി), കല്യാൺ ബാനർജി, നദീമുൽ ഹഖ് (തൃണമൂൽ), അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം) എന്നിവരാണ് സ്പീക്കറെ കണ്ട് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, സമയം നീട്ടുമോ എന്ന കാര്യമറിയില്ലെന്നും 29ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിലക്കാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നുമാണ് ജെ.പി.സിയിലെ ബി.ജെ.പി അംഗം അപരാജിത ‘മാധ്യമ’ത്തോടു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.