‘സുക്കർബർഗ് തെറ്റായ വിവരം പ്രചരിപ്പിച്ചു’; മെറ്റക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി

‘സുക്കർബർഗ് തെറ്റായ വിവരം പ്രചരിപ്പിച്ചു’; മെറ്റക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി

ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സുക്കർബർഗ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ മെറ്റക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എം.പി പറഞ്ഞു.

“തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റയെ വിളിപ്പിക്കും. ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും പ്രതിഛായക്ക് കളങ്കം വരുത്തുന്ന പരാമർശമാണത്. പാർലമെന്റിനോടും ഇന്നാട്ടിലെ ജനങ്ങളോടും മെറ്റ മാപ്പ് പറയണം”- നിഷികാന്ത് ദുബെ എക്സിൽ കുറിച്ചു. കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സുക്കർബർഗിന്റെ പരാമർശം വിവാദമായിരുന്നു. ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു പരാമർശം.

‘‘2024 ലോകത്താകമാനം വമ്പൻ തെരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ഭരണകക്ഷികൾ പരാജയപ്പെട്ടു. അതൊരു ആഗോള പ്രതിഭാസമാണ്. വിലക്കയറ്റം കാരണമായാലും സർക്കാറുകൾ കോവിഡിനെ നേരിടാൻ ഉപയോഗിച്ച സാമ്പത്തിക നയങ്ങൾ കാരണമായാലും അവർ കോവിഡിനെ നേരിട്ട രീതി കാരണമായാലും ആഗോളതലത്തിൽ ഇങ്ങനെയൊരു പ്രതിഫലനമാണുണ്ടാക്കിയത്’’ – എന്നിങ്ങനെയായിരുന്നു സുക്കർബർഗിന്റെ പരാമർശം.

ഇതിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൽ ജനങ്ങൾക്കുള്ള വിശ്വാസം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും തെളിയിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Parliamentary panel to summon Meta over Mark Zuckerberg's remark on India polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.