‘1947ൽ രാജ്യം വിഭജിച്ചത് മതാടിസ്ഥാനത്തിൽ, പാകിസ്താൻ മുസ്​ലിംകൾക്കായി സൃഷ്ടിച്ചതാണ്, ഇന്ത്യ ഹിന്ദുക്കളുടേത്’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: 1947ൽ രാജ്യത്തുണ്ടായ വിഭജനം മതാടിസ്ഥാനത്തിലായിരുന്നുവെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. രജത് ശർമയുടെ പ്രശസ്ത ടി.വി ഷോയായ 'ആപ് കി അദാലത്തി'ന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്‍റെ വിവാദ പരാമർശം.

1947ൽ മതത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം വിഭജിക്കപ്പെട്ടത്. പാകിസ്താൻ മുസ്​ലിംകൾക്കായി സൃഷ്ടിച്ചതാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്. മുഴുവൻ മുസ്​ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ, തീവ്രവാദ വിരുദ്ധ ഓപറേഷനിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാനി ഉണ്ടാകുമായിരുന്നില്ലെന്നും ഗിരിരാജ് സിങ് പറയുന്നു.

'1947ൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടു. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിച്ചപ്പോൾ പണ്ഡിറ്റ് നെഹ്‌റു മുഴുവൻ മുസ്​ലിംകളെയും (പാകിസ്താനിലേക്ക്) അയച്ചിരുന്നെങ്കിൽ, നമുക്ക് ഒരു വഖഫ് ബോർഡോ, ഉവൈസിയോ, ബുർഹാൻ വാനിയോ ഉണ്ടാകുമായിരുന്നില്ല. നസ്റുല്ല (ഹിസ്ബുല്ല തലവൻ) ലെബനാനിൽ മരിച്ചു, ഇവിടെ ഡൽഹിയിലും മുംബൈയിലുമുള്ള നമ്മുടെ സഹോദരങ്ങൾക്ക് വയറുവേദന. എന്തിന്?.. നസ്റുല്ലയോട് നിങ്ങൾ സ്നേഹം പ്രകടിപ്പിച്ചാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകും. നിങ്ങൾ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയും അവർക്ക് വേണ്ടി പാട്ടുകൾ പാടുകയും ചെയ്യുന്നുണ്ടോ? ഇത് അനുവദിക്കില്ല' -ഗിരിരാജ് സിങ് വ്യക്തമാക്കി.

20 കോടി മുസ്​ലിംകളെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കാൻ കഴിയില്ലെന്നും അങ്ങനെ പറയുന്നവർ അപരിഷ്കൃതരാണെന്നുമുള്ള മൗലാന അർഷാദ് മദനിയുടെ പരാമർശത്തെ കുറിച്ചും ഗിരിരാജ് സിങ് പ്രതികരിച്ചു. '1947 മുതൽ ഇപ്പോൾ വരെ, അവരുടെ 'മുഹറം ഘോഷയാത്രകൾ'ക്ക് നേരെ കല്ലെറിഞ്ഞോ എന്ന് ഇന്ത്യയിലെ ഏതെങ്കിലും മുസ്​ലിം എന്നോട് പറയട്ടെ. ഞങ്ങൾ ഒരിക്കലും കല്ലെറിഞ്ഞില്ല. അവരുടെ ജനസംഖ്യ അഞ്ച് ശതമാനമായാൽ 'അങ്കിൾ' എന്ന് വിളിക്കും, 10 ശതമാനമായാൽ അവർ കൈ ചുരുട്ടും, 15 ശതമാനത്തിൽ എത്തുമ്പോൾ അവർ ലൗ ജിഹാദ് നടത്തുന്നു. രാമനവമിയും ഹനുമാൻ ജയന്തി ഘോഷയാത്രകളും അവരുടെ പ്രദേശങ്ങളിലൂടെയുള്ള കൻവാദ് യാത്രകളും അനുവദിക്കില്ല' -ഗിരിരാജ് സിങ് പറയുന്നു.

ലവ് ജിഹാദ് പ്രചരിപ്പിക്കപ്പെടുന്നുവെന്ന തന്‍റെ ആരോപണത്തിന് കേന്ദ്രമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് കേരളത്തെയാണ്. 'അപ്പോഴാണ് എനിക്ക് വേദന ഉണ്ടാകുന്നത്. 1947ൽ അവർ ഇന്ത്യ വിട്ടിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. മനസ് മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് അവർ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇവരെയെല്ലാം 1947ൽ പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കില്ലായിരുന്നു -ഗിരിരാജ് സിങ് ടി.വി ഷോയിൽ പറയുന്നു.

Tags:    
News Summary - Partition was on religious lines, India belongs to Hindus: Giriraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.