ലഖ്നോ: ബലാത്സംഗ കേസിൽ പ്രതിയായ വ്യക്തിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട വനിതാ പ്രവർത്തകക്ക് കോൺഗ്രസ് യോഗത്തിൽ സഹപ്രവർത്തകരുടെ മർദനം. യു.പിയിലെ ദിയോറിയ മണ്ഡലത്തിലാണ് സംഭവം. താരാ ദേവി യാദവ് എന്ന പ്രവർത്തകയെ യോഗത്തിൽ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദിയോറ മണ്ഡലത്തിൽ മുകുന്ദ് ഭാസ്കർ എന്നായാളെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി നിശ്ചയിച്ചത്. എന്നാൽ, ഇയാൾ ബലാത്സംഗ കേസിൽ പ്രതിയാണെന്നും മത്സരിപ്പിക്കരുതെന്നും യോഗത്തിൽ താരാ ദേവി ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചിലർ ചേർന്ന് ഇവരെ മർദിക്കുകയുമായിരുന്നു.
ഒരേസമയം പാർട്ടി നേതാക്കൾ ഹാഥറസിലെ പെൺകുട്ടിക്ക് നീതി നൽകാനായി പോരാടുകയും അതേസമയം തന്നെ ബലാത്സംഗ പ്രതികൾക്ക് ടിക്കറ്റ് നൽകുകയും ചെയ്യുകയാണെന്ന് താരാ ദേവി ആരോപിച്ചു. ഇതൊരു തെറ്റായ നിലപാടാണ്. ഇത് കോൺഗ്രസിന്‍റെ പ്രതിച്ഛായ തകർക്കും. ഇക്കാര്യത്തിൽ പ്രിയങ്ക ഗാന്ധിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് -അവർ പറഞ്ഞു.
മർദനത്തിനെതിരെ താരാ ദേവി പൊലീസിൽ പരാതി നൽകി. കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ധർമേന്ദ്ര സിങ്, വൈസ് പ്രസിഡന്‍റ് അജയ് സിങ്, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെയാണ് പരാതി. തന്നെ അപമാനിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സചിൻ നായക് പങ്കെടുത്ത പരിപാടിയിൽ താരാ ദേവി ഇദ്ദേഹത്തിനെതിരെ ബൊക്കെ എറിഞ്ഞതായി ആരോപണമുണ്ട്. എന്നാൽ, താൻ സചിൻ നായകിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബലാത്സംഗ പ്രതിക്ക് അവസരം നൽകിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും താരാ ദേവി പറയുന്നു.
ഹാഥറസ് കൂട്ടബലാത്സംഗത്തിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾ തന്നെ പ്രതിഷേധവുമായി രംഗത്തുള്ളപ്പോഴാണ് വനിതാ പ്രവർത്തകക്ക് നേരെ പാർട്ടി യോഗത്തിൽ കൈയേറ്റം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.