റാഞ്ചി: ഝാർഖണ്ഡിൽ രണ്ടാം തവണയും അധികാരം പിടിച്ചതിന്റെ സന്തോഷത്തിലാണ് ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം ) നേതാവ് ഹേമന്ത് സോറൻ. 81 അംഗനിയമസഭയിൽ 31 സീറ്റുകളാണ് ജെ.എം.എം നേടിയത്. അതുൾപ്പെടെ ചേർത്ത് ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് നില 54 ആയി. കേവല ഭൂരിപക്ഷം തികക്കാൻ 41 സീറ്റുകൾ മതി. ഝാർഖണ്ഡിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലം പോലും തകർത്താണ് ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ വിജയം.
ഝാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇൻഡ്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.
അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
'ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.'-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.