ജഡ്ജ് നിയമനം കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്രം: കൊളീജിയം സംവിധാനത്തിൽ ജനം തൃപ്തരല്ല, ജഡ്ജിമാരെ നിയമിക്കേണ്ടത് സർക്കാർ -കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ജഡ്ജ് നിയമനം നിലവിലുള്ള കൊളീജിയം സംവിധാനത്തിൽനിന്ന് മാറ്റി സർക്കാറിന്റെ വരുതിയിലാക്ക​ണമെന്ന നിർദേശവുമായി കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡിജിമാരെ നിയമിക്കുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്‍റെ ആഴ്ചപ്പതിപ്പായ 'പാഞ്ചജന്യ' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജഡ്ജിമാർ നിയമനങ്ങൾ തീരുമാനിക്കുന്നതിനായി സമയം മാറ്റിവെക്കുന്നത് അവരുടെ പ്രാഥമിക കർത്തവ്യമായ നീതിനിർവഹണത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരേയും ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിച്ചിരുന്നത് നിയമ മന്ത്രാലയമായിരുന്നു. അന്ന് നമുക്ക് പ്രഗത്ഭരായ ജഡ്ജിമാർ ഉണ്ടായിരുന്നു. ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് ജഡ്ജിമാരെ നിയമിക്കേണ്ടത്, എന്നുവെച്ചാൽ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ജഡ്ജിമാരെ നിയമിക്കണം' -കിരൺ റിജിജു പറഞ്ഞു.

ഭരണനിർവഹണവും നിയമനിർമ്മാണസമിതികളും നീതിന്യായ വ്യവസ്ഥയാൽ നിയന്ത്രിക്കപ്പെടുന്നു. എന്നാൽ ജുഡീഷ്യറി തെറ്റായ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കിൽ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ റിജിജു ജുഡീഷറിക്കുള്ളിൽ രാഷ്ട്രീയമുണ്ടെന്നും കൊളീജിയത്തിൽ ഗ്രൂപ്പിസം ശക്തമാണെന്നും പറഞ്ഞു.

നേരത്തെ, ജഡ്ജിമാരുടെ നിയമന നടപടികൾ വേഗത്തിലാക്കുന്നതിന് നിലവിലെ കൊളീജിയം സംവിധാനത്തിൽ പുനരാലോചന നടത്തേണ്ടത് അനിവാര്യമാണെന്ന് ഉദയ്പൂരിൽ നടന്ന യൂനിയൻ ഫോർ ഇന്ത്യ കൗൺസിൽ സമ്മേളനത്തിൽ കിരൺ റിജിജു പറഞ്ഞിരുന്നു. ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമന നടപടികൾക്ക് കൊളീജിയം സംവിധാനം കാരണം കാലതാമസം നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2014ൽ കേന്ദ്രസർക്കാർ ജഡ്ജിമാരുടെ നിയമക്കുന്നതിൽ സർക്കാറിന് കൂടുതൽ അധികാരം നൽകുന്ന 'നാഷണൽ ജുഡീഷ്യൽ അപ്പോയിമെന്‍റ് കമീഷൻ ആക്ട്' കേന്ദ്രസർക്കാർ കൊണ്ടുവന്നെങ്കിലും സുപ്രിംകോടതി അത് റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - People not happy with collegium system, it is govt’s job to appoint judges: Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.