ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കൾ സുപ്രീംകോടതിയെ കടന്നാക്രമിക്കാൻ ഇറങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധവും നടപടിക്ക് മുറവിളിയുമുയർന്നു. പ്രതിപക്ഷം ഒന്നടങ്കവും മുൻ ജഡ്ജിമാരും സുപ്രീംകോടതി അഭിഭാഷകരും ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കുമെതിരെ നിന്ദ്യമായ ഭാഷയിൽ കടന്നാക്രമണം നടത്തിയ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതി അഭിഭാഷകൻ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി. സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആക്രമണത്തെ അപലപിച്ചു. പ്രതിഷേധം കനത്തതോടെ അതേസമയം, സുപ്രീംകോടതിയെ കടന്നാക്രമിച്ച ബി.ജെ.പി നേതാക്കളെ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ തള്ളിപ്പറഞ്ഞു.
സുപ്രീംകോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നും ആരോപിച്ച ബി.ജെ.പിയുടെ ലോക്സഭാ എം.പി നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതിയിലെ അഡ്വക്കറ്റ്സ് ഓൺ റെക്കോഡുമാരിലൊരാളായ അനസ് തന്‍വീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോണി ജനറല്‍ ആര്. വെങ്കട്ടരമണിക്ക് കത്തെഴുതി.
ദുബെ നടത്തിയ പരാമര്‍ശം ഏറെ അപകീര്‍ത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് നടപടിക്ക് അനുമതി തേടിയ കത്തിൽ അനസ് തന്‍വീര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിന്യായ പദവിയെ അവഹേളിച്ച് പൊതുജനങ്ങളെ കോടതിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുകയും സമൂഹത്തിൽ അക്രമവും അശാന്തിയും സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് നിഷികാന്ത് ദുബെ ചെയ്തിരിക്കുന്നതെന്നും എ.ജിക്കുള്ള കത്തിൽ അഭിഭാഷകൻ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിന്മേല് സ്വന്തം നിയമങ്ങളടിച്ചേല്‍പ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്നും സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നും ദുബെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.