ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) സമർപ്പിച്ച ഹരജി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധി പറയാൻ മാറ്റി.
ജീവനക്കാരുടെ വാദങ്ങൾക്ക് കേന്ദ്ര സർക്കാറും ഇ.പി.എഫ്.ഒയും ടാറ്റ മോട്ടോഴ്സും മറുവാദം നടത്തിയ ശേഷമാണ് 73ലക്ഷത്തിലേറെ ജീവനക്കാർ ഉറ്റുനോക്കുന്ന കേസ് വിധി പറയാനായി മാറ്റിവെച്ചത്.
ഇ.പി.എഫ്.ഒക്കുവേണ്ടി ഹാജരായ ആര്യാമ സുന്ദരം ജീവനക്കാർ നിരത്തിയ കണക്കുകൾ ചോദ്യംചെയ്ത് അധിക സാമ്പത്തിക ബാധ്യത വരുത്താനാവില്ലെന്ന വാദം വ്യാഴാഴ്ചയും ആവർത്തിച്ചു. 2014ലെ നിയമഭേദഗതിയോടെ ഒഴിവാക്കപ്പെട്ടവരെ കൂടി ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കുന്നവരിൽ ഉൾപ്പെടുത്തിയ കേരള ഹൈകോടതി നടപടി തെറ്റാണെന്നും അദ്ദേഹം വാദിച്ചു.
ആര്യാമ സുന്ദരത്തിന് പുറമെ കേന്ദ്ര സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയും ടാറ്റ മോട്ടോഴ്സിനുവേണ്ടി അഡ്വ. സി.യു. സിങ്ങും ജസ്റ്റിസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ പഴയ വാദങ്ങൾ വീണ്ടും നിരത്തി. അന്തിമ വാദം വൈകീട്ട് പൂർത്തിയാക്കിയതോടെ കേസ് വിധി പറയാൻ മാറ്റിവെക്കുകയാണെന്ന് ബെഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.