തിരുവനന്തപുരം: ഉദ്യോഗസ്ഥ നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലുമുള്ള സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ അധ്യയനവർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് നീക്കിവെച്ചതോടെ ആകെ സംവരണം 58 ശതമാനമായി ഉയർന്നിരുന്നു. 52 ശതമാനം ഉണ്ടായിരുന്ന മെറിറ്റ് സീറ്റിൽനിന്ന് പത്ത് ശതമാനം സീറ്റെടുത്താണ് പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇതോടെ മെറിറ്റ് സീറ്റുകൾ 42 ശതമാനമായി ചുരുങ്ങുകയും സംവരണ സീറ്റുകൾ 48ൽ നിന്ന് 58 ആയി ഉയരുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ 50 ശതമാനം കവിഞ്ഞത് സർക്കാർ ഹയർ സെക്കൻഡറികളിൽ മാത്രമാണ്. നേരത്തേ പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെയുള്ള സംവരണം 40 ശതമാനത്തിൽ ഒതുങ്ങിനിന്നിരുന്നു. മെറിറ്റിലുണ്ടായിരുന്ന 60 ശതമാനത്തിൽനിന്ന് പത്ത് ശതമാനം സീറ്റുകൾ എന്ന നിലക്കാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്.
മറ്റ് സംവരണ വിഭാഗങ്ങളുടെ നിലവിലുള്ള സീറ്റുകളിൽ കുറവ് വരാതിരിക്കാൻ പത്ത് ശതമാനം അധികം സീറ്റുകൾ അനുവദിച്ചാണ് മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്. എന്നാൽ, ഒരു സീറ്റ് പോലും അധികം അനുവദിക്കാതെയാണ് സർക്കാർ ഹയർസെക്കൻഡറികളിൽ പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇതോടെ മൊത്തം സംവരണം 48ൽ നിന്ന് 58 ശതമാനമായി ഉയരുകയും മെറിറ്റ് സീറ്റുകൾ 52 ശതമാനത്തിൽനിന്ന് 42 ആയി കുറയുകയുമായിരുന്നു.
സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറികളിൽ ആകെയുള്ളത് 1,62,815 സീറ്റുകളായിരുന്നു. ഇതിെൻറ പത്ത് ശതമാനം എന്ന നിലയിൽ 16,283 സീറ്റുകളാണ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കേണ്ടത്. എന്നാൽ, പല ജില്ലയിലും അധികം സീറ്റുകൾ നീക്കിവെച്ചതോടെ 16,711 സീറ്റുകളായി ഉയർന്നു. സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന് സുപ്രീംകോടതി ആവർത്തിച്ചതോടെ മുന്നാക്ക സംവരണം പ്ലസ് വൺ പ്രവേശനത്തിൽ സർക്കാറിന് തലവേദനയാകും. മറ്റ് സംവരണ വിഭാഗങ്ങളുടെ സീറ്റ് വിഹിതത്തിലും ശതമാനത്തിലും കുറവ് വരുത്താതെയായിരിക്കണം മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നാണ് കേന്ദ്ര ഉത്തരവ്.
പ്ലസ് വൺ പ്രവേശനത്തിൽ 48 ശതമാനത്തിൽ എട്ട് ഇൗഴവ, ഏഴ് മുസ്ലിം, മൂന്ന് ലത്തീൻ, ആംേഗ്ലാ ഇന്ത്യൻ, രണ്ട് ശതമാനം വീതം ധീവര, വിശ്വകർമ വിഭാഗങ്ങൾക്കുമാണ്. പിന്നാക്ക ഹിന്ദു വിഭാഗത്തിന് മൂന്ന് ശതമാനവും പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി, കുശവ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവുമാണ് സംവരണം.
എസ്.സി വിഭാഗത്തിന് 12ഉം എസ്.ടി വിഭാഗത്തിന് എട്ട് ശതമാനവും പ്ലസ് വൺ പ്രവേശനത്തിൽ സംവരണമുണ്ട്. മുന്നാക്ക സംവരണം പരമാവധി അനുവദിക്കാവുന്ന 50 ശതമാനത്തിലേക്ക് ഉൾപ്പെടുത്തിയാൽ അത് മറ്റ് സംവരണ വിഭാഗങ്ങളുടെ ശതമാനത്തിലും സീറ്റ് വിഹിതത്തിലും കുറവ് വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.