ന്യൂഡൽഹി: കോവിഡ്-19 (കൊറോണ) വൈറസ് ബാധയെ പ്രതിരോധിക്കാൻ ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങൾ സ്വയം ആചരിക്കുന്ന ‘ജനതാ കർഫ്യൂ’ ആണെന്നും ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലുകളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പൊലീസ്, ആശുപത്രി, മാധ്യമങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങളിലുള്ളവർ ഒഴികെ എല്ലാവരും ഞായറാഴ്ച വീടുകളിൽതന്നെ കഴിയണം. കൊറോണ പ്രതിരോധ, ബോധവത്കരണ, പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നന്ദി പറയാൻ ഞായറാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ അഞ്ചു മിനിറ്റ് ജനങ്ങൾ നീക്കിവെക്കണം. വീടിെൻറ പൂമുഖത്തുനിന്ന് സ്വന്തം നിലക്ക് അഭിവാദ്യം അർപ്പിക്കണം.
ജനങ്ങൾ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാൻ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണം. മഹാമാരി നേരിടാൻ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണം. കോവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. ലോക മഹായുദ്ധത്തേക്കാൾ വലിയ പ്രതിസന്ധിയാണിത്. കൊറോണയിൽനിന്ന് മുക്തി നേടാൻ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല.
കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, ഭയപ്പാടില്ലാതെ മാർക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളിൽ ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക. അടുത്ത ഏതാനും ആഴ്ചകളിൽ അതീവ ജാഗ്രത പുലർത്തണം. സാമൂഹിക അകലം പാലിക്കണം. രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം.
65 കഴിഞ്ഞവർ വീടിനുള്ളിൽതന്നെ കഴിയണം. ആശുപത്രികളിൽ മുൻകൂട്ടി ശസ്ത്രക്രിയക്കും മറ്റും ബുക്ക് ചെയ്തിട്ടുള്ളവർ അത് റദ്ദാക്കി, മഹാമാരി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ ഡോക്ടർമാരെയും മറ്റും അനുവദിക്കണം. പുതിയ സാഹചര്യങ്ങളിൽ പണിയെടുക്കാൻ കഴിയാതെ വരുന്ന കൂലിപ്പണിക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും വേതനം വെട്ടിക്കുറക്കരുത്. സാമ്പത്തിക പ്രതിസന്ധി വിലയിരുത്താനും പരിഹാര മാർഗങ്ങൾ കണ്ടെത്താനും ധനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കും. ക്ഷമയും ദൃഢനിശ്ചയവും കൈവിടരുത് –പ്രധാനമന്ത്രി വ്യക്തമാക്കി.
My address to the nation. #IndiaFightsCorona https://t.co/w3nMRwksxJ
— Narendra Modi (@narendramodi) March 19, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.