ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും കർഷകരെ വാഹനങ്ങൾകൊണ്ട് ചതക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് അധ്യഷൻ ട്വീറ്റ് ചെയ്തു. മിനിമം താങ്ങുവില, നഷ്ടപരിഹാരം, കാർഷിക നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങി കർഷകർക്കുനൽകിയ ഉറപ്പുകൾ കേന്ദ്രസർക്കാർ ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദമായ കാർഷിക നിയമങ്ങൾ മോദിസർക്കാർ പിൻവലിച്ചതിന്‍റെ ഒന്നാം വാർഷികമായിരുന്നു ശനിയാഴ്ച.
'മോദി സർക്കാർ, കർഷകരെ വാഹനം കൊണ്ട് ചതച്ചു, 50 ശതമാനം താങ്ങുവിലയും നൽകിയില്ല, രക്തസാക്ഷികളായ 733 കർഷകർക്ക് നഷ്ടപരിഹാരവും അനുവദിച്ചില്ല, അവർക്കെതിരായുള്ള കേസ് പോലും പിൻവലിച്ചില്ല. കഴിഞ്ഞ വർഷം ഇത്തരം വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ 'വിജയ് ദിവസ്' ആഘോഷിച്ചിരുന്നു.' -മല്ലികാർജുൻ ഗാർഖെ ട്വീറ്റ് ചെയ്തു.
കർഷകസമരത്തിന്‍റെ നാൾവഴികളെക്കുറിച്ചുള്ള വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ സന്ദർശനം നടത്തുകയും സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ 700 ലധികം കർഷർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.