ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 24ന് ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച് ജമ്മു-കശ്മീരിലെ വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കൾ ചർച്ച തുടങ്ങി. ഇതിന് ശേഷം ഗുപ്കർ സഖ്യത്തിന്റെ യോഗംചേർന്ന് അന്തിമ തീരുമാനമെടുക്കും. സഖ്യത്തിെൻറ യോഗം ചൊവ്വാഴ്ച ചേരാനാണ് സാധ്യത. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഏഴു പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച സഖ്യത്തിെൻറ ചെയർമാൻ നാഷനൽ കോൺഫറന്‍സ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ലയാണ്.
ഫാറൂഖ് അബ്ദുല്ല ഞായറാഴ്ച പാർട്ടി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. അതേസമയം, പി.ഡി.പി രാഷ്ട്രീയകാര്യ സമിതി, പാർട്ടി നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രസിഡൻറ് മെഹ്ബൂബ മുഫ്തിയെ ചുമതലപ്പെടുത്തി. നാഷനൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ്, ബി.ജെ.പി, സി.പി.എം തുടങ്ങിയ എട്ടു പാർട്ടികളിലെ 14 നേതാക്കളെയാണ് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സർവകക്ഷി യോഗത്തിന് ക്ഷണിച്ചത്.
2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നേതാക്കളെ ചർച്ചക്ക് വിളിച്ചത്. കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ കളമൊരുക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ കേന്ദ്രം തടവിലാക്കിയിരുന്നു.
ഒരു വർഷത്തിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പൊതു സുരക്ഷാനിയമം ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോൺ, മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ തടവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.