പ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജക്ക് അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ തുടർവാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി ഫെബ്രുവരി 15ലേക്ക് മാറ്റി.
കമ്മിറ്റിക്കുവേണ്ടി ഹാജരായ പുനിത് ഗുപ്ത, എസ്.എഫ്.എ നഖ്വി എന്നിവരുടെ വിശദമായ വാദം കേട്ടശേഷമാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ തുടർവാദം മാറ്റിയത്.
പരാതിക്കാരന് തർക്കത്തിലുള്ള വസ്തുവിന്റെ അവകാശം തീരുമാനമാകുന്നതിന് മുമ്പ് പൂജക്ക് അനുമതി നൽകിയ ജില്ല കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് എസ്.എഫ്.എ നഖ്വി വാദിച്ചു. കോടതി ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും മുസ്ലിം പക്ഷം ഫയൽ ചെയ്തു. തർക്കത്തിലുള്ള വസ്തു തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് ചില രേഖകൾ ഹിന്ദുപക്ഷവും സമർപ്പിച്ചു.
ജനുവരി 31ന് പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാൽ, ഹൈകോടതിയിലേക്ക് പോകാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതിനെതുടർന്നാണ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ഹൈകോടതിയിൽ ഹരജി നൽകിയത്. വാരാണസി കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.