മുംബൈ: ഡോ. ബി.ആർ. അംബേദ്കറുടെ ചെറുമകനും മുൻ ലോക്സഭാ എം.പിയുമായ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യത്തിൽ ചേർന്നു. വി.ബി.എയെ സഖ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട ശിവസേന (യു.ബി.ടി), എൻ.സി.പി എന്നീ പാർട്ടികളുമായി രണ്ട് മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ഇൻഡ്യ നേതൃസമിതി വി.ബി.എയെ സഖ്യത്തിലെടുക്കാൻ തീരുമാനിച്ചത്.
അതിനിടെ, മഹാരാഷ്ട്രയിലെ 48 സീറ്റിൽ 23 എണ്ണം തങ്ങൾക്ക് നൽകണമെന്ന ആവശ്യം ശിവസേന ഉന്നയിച്ചിട്ടുണ്ട്. “ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. സീറ്റ് വിഭജനത്തിൽ ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല’ -ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങളില്ലാതിരിക്കാൻ എൻ.സി.പി, ശിവസേന, കോൺഗ്രസ്, വി.ബി.എ എന്നിവക്ക് 12 സീറ്റുകൾ വീതം “12+12+12+12 ഫോർമുല” സ്വീകരിക്കണമെന്ന് നേരത്തെ അംബേദ്കർ മല്ലികാർജുൻ ഖാർഗെക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. മോദിയെ പരാജയപ്പെടുത്തുക എന്നത് മാത്രമായിരിക്കും മഹാവികാസ് അഘാഡയുടെ ഏക മുൻഗണനയെന്നും സീറ്റ് വിഭജനത്തിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിലുള്ള അനിശ്ചിതത്വം മഹാരാഷ്ട്രയിൽ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.