ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയിരുന്നു. വില്ലുപുരം വിക്രവാണ്ടിയിൽ നടന്ന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
പതിവായുള്ള നാണവും ശാന്തതയും മാറ്റിവെച്ച് പതിനായിരക്കണക്കിന് അനുയായികളോട് വീറോടെ പ്രസംഗിച്ചായിരുന്നു തുടക്കം. വിഭജന രാഷ്ട്രീയം, ദ്രാവിഡ മോഡൽ, ജാതി തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തിൽ സംസാരിച്ചു. തമിഴ് സിനിമയിലെ മുൻനിര നടനും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ ഈ കാലഘട്ടത്തിൽ താൻ എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.
നടന്റെ രാഷ്ട്രീയ പട്ടാഭിഷേകത്തിന് ആശംസകളുമായി സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വിജയ്ക്ക് ആശംസകൾ നേർന്നു. "നിങ്ങളുടെ പുതിയ യാത്രക്ക്... ആശംസകൾ ചെല്ലം," എന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
നടന്‍ സൂര്യ നേരത്തെ ആശംസകൾ നേർന്നിരുന്നു. പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിജയ്ക്കും പാർട്ടിക്കും ആശംസ നേർന്നത്. പേരു പറയാതെയായിരുന്നു ആശംസ.
കോളജിലെ തന്റെ സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെയെന്നാണ് സൂര്യ പറഞ്ഞത്. വിജയും സൂര്യയും ഉദയ നിധി സ്റ്റാലിനും ചെന്നൈ ലയോള കോളജില്‍ പഠിച്ചവരാണ്. വിജയ് സേതുപതി, ശിവകാർത്തികേയൻ, ജയംരവി തുടങ്ങിയവരും വിജയിയുടെ പാർട്ടിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.