ഇനി അയാൾ മോദിയുടെ വീട്ടിലാണോ ഒളിവിൽ കഴിയുക​? അദാനിക്കെതിരായ യു.എസ് നടപടിയിൽ പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: സൗരോർജ കരാറുകൾ ഉറപ്പിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ വ്യവസായി ഗൗതം അദാനി പ്രതിക്കൂട്ടിലായതിന് പിന്നാലെ പ്രതികരണവുമായി പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തട്ടിപ്പിനെതിരെ യു.എസ് നിയമനടപടി സ്വീകരിച്ച സാഹചര്യത്തിൽ ഗൗതം അദാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലാണോ അഭയം തേടുക എന്നായിരുന്നു എക്സ് പോസ്റ്റിലൂടെ പ്രശാന്ത് ഭൂഷന്റെ ചോദ്യം. 

യു.എസിൽ ഗൗതം അദാനിക്കെതിരെ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ എക്സ് പോസ്‍റ്റ്.

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പ് മേധാവിയുൾപ്പെടെ ഏഴുപേർക്കെതിരെയാണ് കുറ്റാരോപണമുയർന്നത്. 265മില്യൺ(2237 കോടി രൂപ) കൈക്കൂലി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്. 20 വർഷം കൊണ്ട് കരാറുകളിൽ ലാഭം കൊയ്യാനാണ് അദാനി ലക്ഷ്യമിട്ടത്.

യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തൽ. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Prashant Bhushan reacts to US bribery allegations against Gautam Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.