പട്ന: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നേതൃത്വം നൽകുന്ന ജൻ സൂരജ് കാമ്പയിൻ രാഷ്ട്രീയ പാർട്ടിയാകും. ഒക്‌ടോബർ രണ്ടിനാണ് ഔപചാരിക പ്രഖ്യാപനം. 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജൻ സൂരജ് ലക്ഷ്യമിടുന്നത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ എട്ട് സംസ്ഥാനതല യോഗങ്ങൾ നടക്കും. ബിഹാറിലുടനീളം പ്രചാരണവുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തിലധികം പേരെ നിയമിക്കുമെന്നാണ് വിവരം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും മത്സരിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു.
പുതിയ പാർട്ടി രൂപീകരണ പ്രക്രിയക്ക് അന്തിമരൂപം നൽകുക, നേതൃത്വ ഘടന സ്ഥാപിക്കുക, ഭരണഘടനയുടെ കരട് തയ്യാറാക്കുക, പാർട്ടിയുടെ മുൻഗണനകൾ നിശ്ചയിക്കുക എന്നിവയാകും യോഗങ്ങളുടെ പ്രാഥമിക അജണ്ട. ഇതിനായി ജില്ലാ ബ്ലോക്ക് തല ഭാരവാഹികളുടെ യോഗം ഇന്ന് പട്നയിൽ ചേർന്നു.
ബിഹാറിൽ പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെയാണ് ജൻ സൂരജ് കാമ്പയിൻ ആരംഭിച്ചത്. 2022 ഒക്ടോബർ രണ്ടിന് ആരംഭിച്ച കാമ്പയിനിന്‍റെ ഭാഗമായ എല്ലാ ജനങ്ങളുടെയും ഏകകണ്ഠമായ ആഗ്രഹത്തിന് അനുസൃതമായാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനമെന്ന് നേരത്തെ കിഷോർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.