മൂന്ന് ദിവസത്തിനിടെ രണ്ടാമതും സോണിയാ ഗാന്ധിയെ കണ്ട് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെയും ആസൂത്രണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2024ന് മുമ്പ് പാർട്ടിയുടെ പുനരുജ്ജീവനത്തിനായുള്ള കിഷോറിന്റെ നിർദ്ദേശവും ആ വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഗെയിം പ്ലാനും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് ഇരുവർക്കുമിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. മിഷൻ 2024നെ കുറിച്ചുള്ള വിശദമായ അവതരണം കിഷോർ ശനിയാഴ്ച തെരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളുടെ മുമ്പാകെ നടത്തിയിരുന്നു.

യോഗത്തിൽ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളുമാണ് അജണ്ടയെന്ന് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, മുതിർന്ന നേതാക്കളായ മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല, കെ.സി വേണുഗോപാൽ, അംബികാ സോണി എന്നിവർ പങ്കെടുത്ത യോഗത്തിൽ സംഘം ഒരാഴ്ചക്കകം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 370 സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള പദ്ധതിയും ചില സംസ്ഥാനങ്ങളിൽ തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കാനുള്ള പദ്ധതിയും ഉൾക്കൊള്ളുന്ന കിഷോറിന്റെ നിർദ്ദേശത്തോട് പ്രതികരിക്കാൻ കോൺഗ്രസിന് ഈ മാസം കഴിയുംവരെ സമയം നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കണമെന്നും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും കിഷോർ നിർദ്ദേശിച്ചു. ഇത് രാഹുൽ ഗാന്ധി സമ്മതിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Prashant Kishor Meets Sonia Gandhi - Second Time In Three Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.