ചോദ്യപ്പേപ്പർ ചോർച്ചയിൽ നീതിയുക്തമായ അന്വേഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം -രാഷ്ട്രപതി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നീതിയുക്തമായ അന്വേഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.

'സമീപകാലത്ത് ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപ്പേപ്പർ ചോർന്നത് നമ്മൾ കണ്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തിൽ ശബ്ദമുയർത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ തടയാനായി പാർലമെന്‍റ് ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ട്' -മുർമു പറഞ്ഞു.

വടക്കുകിഴക്കൻ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സാധിച്ചു. ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികൾ ഉയർത്തുന്നതിന്റെ പേരിലല്ല. മറിച്ച് ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുൻകൈയെടുത്തതിന്‍റെ പേരിലാണ് -രാഷ്ട്രപതി പറഞ്ഞു. 

അടിയന്തരവാസ്ഥയെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. 1975ലെ അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്‍റെ ഇരുണ്ട അധ്യായമാണ്. അടിയന്തരാവസ്ഥ കാലത്ത് മുഴുവൻ രാജ്യവും അരാജത്വത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ ഭരണഘടനാവിരുദ്ധരായ ഇത്തരം ശക്തികൾക്കെതിരെ രാജ്യം വിജയം വരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. എൻ.ഡി.എ സർക്കാർ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നുവെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ നിരന്തര വിമർശനമുയർത്തുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്. 

Tags:    
News Summary - President calls Emergency 'unconstitutional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.