'വിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യണമെന്ന അധ്യാപകന്‍റെ പരാമർശം എന്തുകൊണ്ടാണ് മിസ്റ്റർ സുപ്രീമിനെകുറിച്ചാണെന്ന് തോന്നിയത്'- പരിഹാസവുമായി ശിവസേന നേതാവ്

ന്യൂഡൽഹി: വിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ പുറത്താക്കിയ സംഭവത്തിൽ അൺഅക്കാദമിക്കെതിരെ ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി. അദ്ദേഹത്തിന്‍റെ പരാമർശം നിരവധി യുവാക്കളെ സ്വാധീനിക്കാൻ ഇടയുള്ളത് കൊണ്ടാകാം അധ്യാപകനെ പുറത്താക്കാൻ അധികൃതർ തീരുമാനിച്ചതെന്നും നടപടി ലജ്ജാകരമാണെന്നും പ്രിയങ്ക പറഞ്ഞു.

പേര് മാറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നതിന് പകരം വിദ്യാഭ്യാസ പശ്ചാത്തലമുള്ളവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അൺഅക്കാദമി അധ്യാപകനായിരുന്ന കരൺ സാങ്വാന്‍റെ പരാമർശം. ഈ പരാമർശം എങ്ങനെയാണ് പക്ഷപാതപരമായി കണക്കാക്കുന്നതെന്നും മുമ്പ് കജോളിന് നേരെയുണ്ടായ അക്രമത്തിന് സമാനമാണിതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

"വിദ്യാഭ്യാസമുള്ള രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് എങ്ങനെയാണ് പക്ഷപാതപരമാകുന്നത്‍? ആ അഭിപ്രായം യുവാക്കളെ സ്വാധീനിക്കുന്നതായിരുന്നില്ലേ? കേവലം ഒരാളുടെ കാഴ്ചപ്പാട് പറയുന്നത് അദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കാനുള്ള കാരണമായി കാണുന്നുണ്ടെങ്കിൽ അത് ലജ്ജാകരമാണ്" പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസമുള്ള രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള സാങ്വാന്‍റെ പരാമർശം എന്തുകൊണ്ടാണ് മിസ്റ്റർ സുപ്രീമിനെ (പ്രധാനമന്ത്രി) കുറിച്ചാണ് എന്ന് തോന്നിയത് എന്ന് എനിക്ക് അറിയില്ല. നിലവിലെ നടപടി മുമ്പ് കജോളിനെതിരെ നടന്ന വിവാദത്തിന് സമാനമാണെന്നും പ്രിയങ്ക കുറിച്ചു.

അൺഅക്കാദമിയുടെ നടപടിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. നിരക്ഷരരെ വ്യക്തിപരമായി ബഹുമാനിക്കുന്നു. പക്ഷേ ജനപ്രതിനിധികൾക്ക് നിരക്ഷരരാകാൻ കഴിയില്ല. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ നിരക്ഷരായ ജനപ്രതിനിധികൾക്ക് കഴിയില്ലെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

സാങ്വാന്‍റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസത്തിന്‍റെ മറവിൽ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കുകയാണ് സാങ്വാൻ ചെയ്യുന്നത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരുടേയും വിമർശനം. #UninstallUnacademy എന്ന ഹാഷ്ടാഗും എക്സിൽ (മുമ്പ് ട്വിറ്റർ) വ്യാപകമായി പ്രചരിച്ചിരുന്നു.

നേരത്തെ കജോളിനെതിരെയും സമാന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമുള്ള പരാമർശമായിരുന്നു അന്ന് വിവാദമായത്. ‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു.

ഇതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നതോടെ താൻ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും ഏതെങ്കിലുമൊരും നേതാക്കന്മാരെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും കാജോൾ ട്വീറ്റ് ചെയ്തിരുന്നു. ‘വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറഞ്ഞത്. രാഷ്ട്രീയ നേതാക്കന്മാരെ തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം. രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന നിരവധി നേതാക്കന്മാർ നമുക്കുണ്ട്'- കജോൾ പറഞ്ഞു.

Tags:    
News Summary - Priyanka Chaturvedi slams Unacademy over repealing teacher for his 'vote for educatied politicians' statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.