കാൺപുർ: അനധികൃത കൈയേറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളുടെ കെട്ടിടം പൊളിക്കുന്ന ജഹാംഗിർപുരി മോഡൽ ഇടിച്ചുനിരത്തൽ കാൺപുരിലും. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചവരുടെ കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് യു.പി സർക്കാറിന്‍റെ നേതൃത്വത്തിൽ കാൺപുരിലും ബുൾഡോസർ രാജ് നടപ്പാക്കുന്നത്.
പ്രവാചക നിന്ദക്കെതിരെ കാൺപുരിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പിന്നാലെ നിരവധി പേർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രാദേശിക മുസ്ലിം നേതാവ് സഫർ ഹയാത്ത് ഹാഷ്മിയാണ് സംഘർഷങ്ങൾക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്‍റെ നഗരത്തിലെ കെട്ടിടം ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്.
പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അനധികൃത കൈയേറ്റമാണ് പൊളിച്ചുനീക്കുന്നതെന്നാണ് അധികൃതരുടെ വാദം. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് നഗരത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാർക്കറ്റായ പരേഡ് മാർക്കറ്റിൽ ജൂൺ മൂന്നിന് മുസ്ലിം സംഘടനകൾ കടകൾ അടക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ സംഘർഷവും കല്ലേറും അരങ്ങേറിയിരുന്നു.
ഡി.സി.പി സഞ്ജീവ് ത്യാഗിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഇത് അന്വേഷിക്കുന്നത്. സംഘർഷങ്ങൾക്ക് ഉത്തരവാദികളെ ശിക്ഷിക്കാനെന്നപേരിൽ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരപ്പാക്കുന്നതാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള യു.പി സർക്കാറിന്‍റെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.