നൂപുർ ശർമ

പ്രവാചകനിന്ദക്ക് മറുവഴി പിന്നാമ്പുറ നയതന്ത്രം

ന്യൂഡൽഹി: പ്രവാചകനിന്ദ നടത്തി രണ്ട് ബി.ജെ.പി വക്താക്കൾ ഇന്ത്യക്ക് ഏൽപിച്ച പരിക്കിന്റെ ആഘാതം കുറക്കാൻ കേന്ദ്രസർക്കാർ പിന്നാമ്പുറ നയതന്ത്രത്തിൽ. ഉടക്കിയ രാജ്യങ്ങളുമായി നയതന്ത്രപ്രതിനിധികൾ അനുനയശ്രമം നടത്തിവരുകയാണ്. അതേസമയം, രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർത്തിയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും തികഞ്ഞ മൗനത്തിലാണ്. വിദ്വേഷം പ്രചരിപ്പിച്ച് രാജ്യദ്രോഹം നടത്തിയവർക്കെതിരെ നിയമനടപടി ഇല്ല. 18ൽപരം രാജ്യങ്ങളും ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും പ്രവാചകനിന്ദയെ അപലപിച്ചെങ്കിലും ബി.ജെ.പി ഭാരവാഹി സ്ഥാനത്തുനിന്ന് നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവരെ മാറ്റിയ നാമമാത്ര നടപടിയുടെ മറപറ്റിനിൽക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്. ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരം ഒ.ഐ.സിയിൽപെടുന്ന 57 രാജ്യങ്ങളിലെയും ബന്ധപ്പെട്ടവരുമായി അതതിടങ്ങളിലെ നയതന്ത്രപ്രതിനിധികൾ അനുനയചർച്ച നടത്തുന്നുണ്ട്.

ഗൾഫ് നാടുകളെ പിണക്കാതെ നോക്കുമ്പോൾതന്നെ, ഒ.ഐ.സിയുടെയും പാകിസ്താന്റെയും പ്രസ്താവനകളെ തുറന്നെതിർക്കുകയാണ് ആദ്യം വിദേശ മന്ത്രാലയം ചെയ്തത്. അതിനുശേഷമാണ് പിന്നാമ്പുറ അനുനയം. എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു, വ്യക്തികളുടെ പരാമർശം സർക്കാറിന്റെയോ ബി.ജെ.പിയുടെയോ കാഴ്ചപ്പാടല്ല, മോശം പരാമർശത്തിന് ബി.ജെ.പി നടപടി എടുത്തു, പരസ്പരബന്ധം മോശമാക്കാൻ ചിലർക്കുള്ള ഗൂഢതാൽപര്യം തിരിച്ചറിഞ്ഞ് തുടർന്നും സഹകരിക്കണം തുടങ്ങിയ സന്ദേശങ്ങളാണ് നയതന്ത്രപ്രതിനിധികൾ കൈമാറുന്നത്.

ബി.ജെ.പിയിലെ തീവ്രപക്ഷക്കാരിൽ ചിലരാണ് പ്രവാചകനിന്ദ നടത്തിയതെന്ന വിശദീകരണം ഗൾഫ് രാജ്യങ്ങളിലെ ഏതാനും അംബാസഡർമാർ തുടക്കത്തിൽ നൽകിയിരുന്നു. ബി.ജെ.പിയിൽ തീവ്രപക്ഷക്കാരുണ്ടെന്ന തുറന്നുപറച്ചിലായി അത് മാറിയതോടെ, നയതന്ത്ര പ്രതിനിധികൾക്ക് ഡൽഹിയിൽനിന്നയച്ച കുറിപ്പിൽ ആ വിശദീകരണം ഒഴിവാക്കി. പാർട്ടി നടപടി സ്വീകരിച്ചെന്നല്ലാതെ, വിദ്വേഷ പ്രചാരകർക്കെതിരെ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന സൂചനയൊന്നും നൽകുന്നുമില്ല. ഇതിനിടെ, വിദ്വേഷപരാമർശം നടത്തിയവരെ പദവികളിൽനിന്ന് നീക്കിയെന്ന വിശദീകരണക്കുറിപ്പ് വിതരണംചെയ്ത് ഗൾഫിലെ എംബസികൾ ബി.ജെ.പിയുടെ കോളാമ്പിയായെന്ന വിമർശനത്തിന് മുന്നിലും സർക്കാർ മൗനത്തിലാണ്.

സാഹചര്യം നിരീക്ഷിച്ച് അപ്പപ്പോൾ വിവരം അറിയിക്കാൻ വിദേശമന്ത്രാലയം നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, നിരവധി രാജ്യങ്ങൾ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച വിഷയത്തിൽ വിദ്വേഷപ്രസംഗത്തെ തള്ളിപ്പറഞ്ഞ് പ്രസ്താവന നടത്താൻ പ്രധാനമന്ത്രിയോ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാരോ തയാറാകാത്തത് പരക്കെ വിമർശന വിധേയമായി.

വിദ്വേഷ പ്രചാരകർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാത്തതും ഉന്നതതലത്തിലെ വിമുഖത പ്രകടമാക്കി. വധഭീഷണിയുണ്ടെന്ന പരാതി മുൻനിർത്തി നൂപുർ ശർമക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയ സർക്കാർ, വിദ്വേഷ പ്രസംഗത്തിനെതിരായ ട്വീറ്റുകൾക്ക് വധഭീഷണി നേരിടുന്ന മാധ്യമപ്രവർത്തക റാണ അയ്യൂബിനും മറ്റും സംരക്ഷണം നൽകാത്തതും വിമർശിക്കപ്പെടുകയാണ്.

Tags:    
News Summary - Prophetic blasphemy: the center for a conciliatory move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.