ന്യൂഡൽഹി: പ്രവാചകനിന്ദക്കെതിരായ പ്രക്ഷോഭം സമാധാനപരമായും അച്ചടക്കത്തോടെയും നടത്തണമെന്ന് വിവിധ മുസ്ലിം സംഘടന നേതാക്കൾ. പൊലീസിനോടും നിയമസംവിധാനങ്ങളോടും ഏറ്റുമുട്ടരുതെന്നും അവർ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നേതാക്കളുടെ ഇടപെടൽ. റാഞ്ചിയിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. 60 പേർ അറസ്റ്റിലായി. യു.പിയിൽ നൂറിലേറെ പേർ അറസ്റ്റിലായി. പ്രകോപന പ്രസ്താവനക്കെതിരെ പെട്ടെന്നുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ് പറഞ്ഞു. എങ്കിലും അക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതും കൂട്ട അറസ്റ്റും അംഗീകരിക്കാനാകില്ല. ബുൾഡോസർ സംസ്കാരം ഏതുസാഹചര്യത്തിലായാലും ന്യായീകരിക്കാനാകില്ലെന്നും മുഹമ്മദ് അഹ്മദ് കൂട്ടിച്ചേർത്തു. ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മൗലാന അർഷദ് മദനിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദുരൂഹ പോസ്റ്ററിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ് ആവശ്യപ്പെട്ടു.
ജൂൺ പത്തിന് ജുമുഅ നമസ്കാരശേഷം രാജ്യത്തെ പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തെന്ന മട്ടിലായിരുന്നു പോസ്റ്ററുകൾ. അങ്ങനെയൊരു ആഹ്വാനം താൻ നടത്തിയിട്ടില്ലെന്ന് തലേദിവസം തന്നെ അർഷദ് മദനി വ്യക്തമാക്കിയിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരമുണ്ടാക്കി ഇന്ത്യയുടെയും ഇവിടത്തെ മുസ്ലിം സമൂഹത്തിന്റെയും പ്രതിച്ഛായ മോശമാക്കണമെന്ന നിക്ഷിപ്ത താൽപര്യങ്ങളുള്ള ഗ്രൂപ്പുകളോ ഏജൻസികളോ ഇതിന് പിന്നിലുണ്ടാകാമെന്നും നവീദ് ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.