നൂപുർ ശർമക്കെതിരെ പ്രകോപന പ്രസംഗം: അജ്മീർ ദർഗ പുരോഹിതൻ അറസ്റ്റിൽ

ഹൈദരാബാദ്/ജെയ്പൂർ: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമക്കെതിരെ പ്രകോപന പ്രസംഗം നടത്തിയെന്ന കേസിൽ അജ്മീർ ദർഗ പുരോഹിതൻ ഗൗഹർ ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബീഗം ബസാറിൽനിന്ന് വ്യാഴാഴ്ച തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അഭയം നൽകിയ വള വിൽപനക്കാരനായ മുനാവറിനെയും കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിൽനിന്ന് ചിസ്തിയെ ജെയ്പൂരിലേക്ക് കൊണ്ടുപോയി. ഒരു ഡസനോളം പൊലീസ് സംഘങ്ങൾ പല നഗരങ്ങളിൽ ചിസ്തിക്കായി തിരച്ചിൽ നടത്തിയിരുന്നു.

ജൂൺ 17ന് ദർഗക്ക് സമീപം നടന്ന യോ​ഗത്തിലായിരുന്നു പ്രകോപന പ്രസംഗം. ജൂൺ 25നാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജൂൺ 16ന് ന‌ടന്ന യോ​ഗത്തിലും പ്രകോപന പ്രസംഗം നടത്തിയെന്ന് പറയുന്നു. കേസിലെ മറ്റു പ്രതികളായ ഫഖർ ജമാലി, താജിം സിദ്ദീഖി, മൊയിൻ, റിയാസ് ഹസൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ദർ​ഗ എസ്.എച്ച്.ഒ ദൽബീർ സിംഗ് പറഞ്ഞു. അജ്മീറിലെ നിസാം ഗേറ്റ് പരിസരത്ത് നടന്ന യോ​ഗത്തിൽ മൂവായിരത്തോളം പേരുണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ ചിസ്തി ഒളിവിൽ പോകുകയായിരുന്നു. അജ്മീർ ദർഗയിലെ മറ്റൊരു പുരോഹിതൻ സൽമാൻ ചിസ്തി, നൂപുർ ശർമയുടെ തലയെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Provocative speech against Nupur Sharma: Ajmer dargah priest arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.