ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്രക്കെതിരെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഉന്നയിച്ച ചോദ്യക്കോഴ ആരോപണം പലവിധ തുടർനീക്കങ്ങളിലൂടെ കുഴഞ്ഞു മറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് വ്യവസായി ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ പലവട്ടം ലോക്സഭയിൽ ചോദ്യം ഉന്നയിച്ച മഹുവ, ഇതിനായി പ്രതിഫലവും സഹായവും പറ്റിയെന്നാണ് നിഷികാന്ത് ദുബെ ആരോപിച്ചത്. മഹുവയുമായി തെറ്റിപ്പിരിഞ്ഞ ഉറ്റസുഹൃത്തും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹദ്രായ് നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകിയതിനു തൊട്ടുപിന്നാലെ ഉണ്ടായത് പലവിധ നീക്കങ്ങളാണ്.
പരാതി തൊട്ടടുത്ത ദിവസംതന്നെ സ്പീക്കർ ഓം ബിർല ബി.ജെ.പി അംഗം ചെയർമാനായ എത്തിക്സ് കമ്മിറ്റിക്ക് കൈമാറി. 26ന് നേരിട്ടെത്തി തെളിവുനൽകാൻ കമ്മിറ്റി നിഷികാന്ത് ദുബെ, ജയ് ആനന്ദ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ഉന്നയിച്ചവരും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉയർത്തിവിടുന്ന മാനനഷ്ടമുണ്ടാക്കുന്ന ചിത്രീകരണങ്ങളും അധിക്ഷേപങ്ങളും വിലക്കാൻ മഹുവ ഡൽഹി ഹൈകോടതിയിൽ എത്തി. നാടകീയ നീക്കങ്ങളാണ് തുടർന്നും ഉണ്ടായത്. ലോഗിൻ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോക്സഭയുടെ വെബ്സൈറ്റിൽ പ്രവേശിക്കാനും ചോദ്യങ്ങൾ അതിൽ തയാറാക്കിനൽകാനും എം.പിമാർക്ക് സാധിക്കും.
മഹുവ നൽകിയ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് താൻ അദാനിക്കെതിരെ നിരവധി ചോദ്യങ്ങൾ തയാറാക്കി നൽകിയെന്നും മഹുവ പലവിധ സൗകര്യങ്ങളും വിലപിടിച്ച സമ്മാനങ്ങളും ചോദിച്ചുവാങ്ങിയെന്നും അവകാശപ്പെട്ട് ഗുജറാത്തിലെ വ്യവസായി ദർശൻ ഹീരാനന്ദാനി പ്രസ്താവനയുമായി രംഗത്തുവന്നു. വ്യവസായം പൂട്ടിക്കുമെന്ന ഉൾഭയം ഉണ്ടാക്കി ഹീരാനന്ദാനിയെക്കൊണ്ട് നിർബന്ധപൂർവം ഒപ്പിട്ടുവാങ്ങി എവിടെനിന്നോ പുറത്തുവിട്ട പ്രസ്താവനയാണിതെന്ന് മഹുവ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിനെയും മഹുവ പ്രതിസ്ഥാനത്ത് നിർത്തുന്നു. ലെറ്റർഹെഡോ സീലോ ഇല്ലാത്ത പ്രസ്താവനയാണിതെന്ന് മഹുവ പറയുന്നതിനിടയിൽ, പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ഇതും രേഖകളുടെ ഭാഗമാക്കിയിട്ടുണ്ട്. അതേസമയം, സി.ബി.ഐയോ എത്തിക്സ് കമ്മിറ്റിയോ നടത്തുന്ന ഏതൊരു അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, മഹുവയെ എത്തിക്സ് കമ്മിറ്റി വിശദീകരണം കേൾക്കാൻ വിളിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.