മധുരം വിതറുന്ന കാവ്യഭാഷയുടെ സൗന്ദര്യം മാത്രമല്ല ഉറുദുവിനുള്ളത്. അധികാരിവർഗത്തിനുനേരെ ചാട്ടുളിപോലെ പ്രയോഗിക്കപ്പെട്ട ഒരു ഭാഷകൂടിയാണത്. വരികൾ ചേർത്തുവെച്ച് പോരാട്ടങ്ങൾക്ക് വീര്യമേറ്റിയ വിപ്ലവ കവികളുടെ (ഇങ്ക്വിലാബ് ഷാഇർ) ചരിതം പറയാതെ ഉറുദുവിൻെറ ചരിത്രം പൂർത്തിയാകില്ല. അലി സർദാർ ജഅ്ഫരിയെപ്പോലെ, ഫൈസ് അഹമ്മദ് ഫൈസിനെപ്പോലെ വരികൾകൊണ്ട് പൊരുതിയവരുടെ ഹൃദയഭാഷയാണത്. ഈ ശ്രേണിയിലുൾപ്പെടുത്താവുന്ന ഒടുവിലെ പേരുകളിലൊന്നായ റാഹത്ത് ഇന്ദോരിയാണ് ഇന്ന് ഇൻഡോറിലെ എസ്.എ.ഐ.എം.എസ് ആശുപ്രതിയിൽ മരണത്തിന് കീഴടങ്ങിയത്.
അധികാരിവർഗത്തിന് നേരെ ക്ഷുഭിതനായി അദ്ദേഹം നിർഭയം വലിച്ചെറിഞ്ഞ വാക്കുകൾ ഉള്ളിലേക്ക് ആഞ്ഞുതറക്കുന്നതായിരുന്നു. പൗരത്വപ്രേക്ഷാഭസമയത്ത് തടിച്ചുകൂടിയ സദസ്സിനോട് അദ്ദേഹം ചൊല്ലിയ വാചകങ്ങളിങ്ങനെ: "സഭീ കാ ഖൂൻ ഹേ ശാമിൽ യഹാം കീ മിട്ടീ മേം, കിസി കേ ബാപ് കാ ഹിന്ദുസ്ഥാൻ ഥോഡി ഹെ".എല്ലാവരുടെയും രക്തം ഈ മണ്ണിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. അതിനാൽ തന്നെ ഈ മണ്ണ് ആരുടെയും അച്ഛൻെറ സ്വത്തല്ല''. ഈ വരികൾ ഡൽഹിയുടെ രാത്രികളെ ചുവപ്പിച്ച വിദ്യാർഥി സമരങ്ങളിലും രാജ്യവ്യാപകമായുള്ള പ്രതിഷേധങ്ങളിലും പലകുറി മുഴങ്ങിയിരുന്നു.
ആ ചടങ്ങിൽ വെച്ചുതന്നെ വാക്കിന് വിലങ്ങിട്ട അടിയന്തരവസ്ഥക്കാലത്തെ കവി ഓർത്തെടുത്തത് ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. അദ്ദേഹം പങ്കുവെച്ചതിങ്ങനെ:
ഒരു കവിയരങ്ങിൽ വെച്ച് ഞാൻ ഭരണകൂടം കള്ളൻമാരാണെന്ന് പറഞ്ഞു. പിറ്റേദിവസം തന്നെ എന്നെേതടി പൊലീസുകാരെത്തി. അവരെന്നോട് സർക്കാരിനെ കള്ളൻമാരെന്ന് വിളിച്ചതിനെക്കുറിച്ച് ചോദിച്ചു.
ഞാൻ മറുപടി പറഞ്ഞു: അതെ, സർക്കാർ കള്ളൻമാരാണെന്ന് ഞാൻ പറഞ്ഞു. പക്ഷേ, ഞാൻ ഇന്ത്യയിലെ സർക്കാർ കള്ളൻമാരാണെന്ന് പറഞ്ഞിട്ടില്ല. അത് പാകിസ്താനിലെയോ അമേരിക്കയിലെയോ, ബ്രിട്ടനിലെയോ സർക്കാരിനെക്കുറിച്ചാകാം.
പൊലീസുകാരൻ എന്നോട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: നിങ്ങൾ ഞങ്ങളെ വിഡ്ഡികളാക്കേണ്ട, ഏത് രാജ്യത്തെ സർക്കാരാണ് കള്ളൻമാരാണെന്ന് ഞങ്ങൾക്കറിയാം.
ഒരു പ്രസംഗത്തിൽ തന്നെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തകളെ പൊട്ടിത്തെറിപ്പിക്കാനും ശേഷിയുള്ള വാക്ചാതുര്യത്തിന് ഉടമമായിരുന്ന റാഹത്തിൻെറ പ്രഭാഷണചീളുകളും കവിതാ ഈരടികളും സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. കോളജ് അധ്യാപകനായിരുന്നെങ്കിലും അക്കാദമിക് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിൻെറ വരികൾ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ പരിപാടികളിലൊന്നായ കപിൽ ശർമ ഷോ മുതൽ ടിക്ടോക് വരെയുള്ള പ്രതലങ്ങളിൽ റാഹത്തിൻെറ കവിതകൾ വെട്ടിത്തിളങ്ങിയിരുന്നു.
Kisee ke baap ka hindustan thodi hai! The terrific Rahat Indori and his shayri will stay with us.. RIP https://t.co/auDav1vT4p
— Rajdeep Sardesai (@sardesairajdeep) August 11, 2020
ബോളിവുഡ് ഗാനങ്ങൾക്ക് സൗന്ദര്യവും നൈർമല്യവും നൽകുന്ന ഉറുദുഭാഷയിലെ കവിയെന്ന നിലയിൽ റാഹത്തിെന സിനിമ മേഖലയും പരീക്ഷിക്കുകയുണ്ടായി. സംഗീത സംവിധായകൻ അനു മാലികായിരുന്നു ഇതിൽ പ്രധാനി. കുമാർ സാനു മുതൽ അർജിത് സിങ് വരെ നീളുന്ന ഗായകരുടെ ശബ്ദത്തിൽ വിരിഞ്ഞിറങ്ങിയ ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കാൻ റാഹത്തിനായി.
''ഞാനോ എൻെറ കാലഘട്ടമോ ബാക്കിയില്ല, എങ്കിലും എൻെറ കഥകൾ നഗരങ്ങളിൽ ഇപ്പോഴും പ്രസിദ്ധമാണ്''എന്ന റാഹത്തിൻെറ തന്നെ വരികൾ എഴുതിയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന് അന്ത്യമൊഴി നൽകിയത്. റാഹത്ത് ഇന്ദോരി, 2020ൻെറ നഷ്ടങ്ങളിൽ ഒരുപേര് കൂടി ചേരുന്നു. നിർഭയത്വം ബാക്കിവെച്ചാണ്, കവിതകളില്ലാത്ത ലോകത്തേക് റാഹത്ത് യാത്രയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.