സംഭലിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഴിയിൽ തടഞ്ഞു; പൊലീസ് ബസ് കുറുകെയിട്ട് യാത്ര മുടക്കി -VIDEO

ന്യൂഡൽഹി: പൊലീസ് വെടിവെപ്പിൽ അഞ്ച് മുസ്‍ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ വഴിയിൽ തടഞ്ഞു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ഗാസിപൂർ അതിർത്തിയിലാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. റോഡിൽ ബാരിക്കേഡ് നിരത്തിയും പൊലീസ് ബസ് കുറുകെയിട്ടുമാണ് തടസ്സം സൃഷ്ടിച്ചത്.

സംഭൽ സന്ദർശിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് രാഹുലും സംഘവും ഇന്ന് രാവിലെ 10 മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഇവരെ വഴിയിൽ തടയണമെന്ന് സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ സമീപത്തെ നാല് ജില്ലകൾക്ക് നിർദേശം നൽകിയിരുന്നു. ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകളിലെ പൊലീസ് അധികൃതർക്കാണ് യാത്രാസംഘത്തെ തടയണമെന്ന് നിർദേശം നൽകിയത്. അതത് ജില്ല അതിർത്തികളിൽ തടഞ്ഞുനിർത്തി സംഭലിൽ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു നിർദേശം. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. സാധാരണ നിലയിലായ സംഭലിൽ രാഹുൽ ഗാന്ധി എത്തുന്നത് പ്രകോപനത്തിന് കാരണമാകുമെന്ന് പറഞ്ഞ് സന്ദർശനം റദ്ദാക്കാൻ മുറാദാബാദ് ഡിവിഷനൽ കമീഷണർ അഞ്ജനേയ കുമാർ സിങ്ങും ആവശ്യപ്പെട്ടു.

അതിനിടെ, സംഭൽ ശാഹി മസ്ജിദ് സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചതായി മുസ്‍ലിം ലീഗ് എം.പിമാർ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് എം.പിമാർ ഇതുസംബന്ധിച്ച ചർച്ച നടത്തി. പാർലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടർ പിച്ചിച്ചീന്തുകയാണെന്നും ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് അനുമതി നൽകിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

സംഭൽ വർഗീയ സംഘർഷത്തെ ചൊല്ലി ഇന്നലെ ലോക്സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് അലഹബാദ് എം.പി ഉജ്ജ്വൽരമൺ സിങ്ങും മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കൾ ശൂന്യവേളയിൽ സംഭൽ ഉന്നയിച്ചത് ബി.ജെ.പി എം.പിമാർ പ്രതിരോധിക്കാൻ ശ്രമിച്ചു.

സംഭൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടിയുടെയും ലീഗിന്റെയും എം.പിമാർ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിക്ക് സഭ ചേർന്നയുടൻ എഴുന്നേറ്റ എസ്.പി നേതാവ് അഖിലേഷ് യാദവ് അടിയന്തര ചർച്ചക്ക് ആവശ്യമുന്നയിച്ചു. ഇത് അംഗീകരിക്കാതെ ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞ് ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ടുപോയി. ഇതോടെ ‘‘സംഭലിൽ ചർച്ച നടത്തൂ, കുറ്റവാളികൾക്ക് ശിക്ഷ നൽകൂ’’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ധർമേന്ദ്രയാദവിന്റെ നേതൃത്വത്തിൽ എസ്.പി എം.പിമാരും നടുത്തളത്തിലേക്ക് നീങ്ങിയപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറും കൂടെ നീങ്ങി. ഇവർക്ക് പിന്നാലെ കോൺഗ്രസ് എം.പിമാരും എഴുന്നേറ്റു. അൽപനേരത്തെ പ്രതിഷേധത്തിനു ശേഷം മുദ്രാവാക്യം വിളികളുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Tags:    
News Summary - Rahul Gandhi and Priyanka Gandhi Vadra stopped at the Ghazipur border on the Delhi-Meerut Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.