രാഹുൽ ഗാന്ധിയുടെ പ്രസംഗം അടർത്തിയെടുത്ത് സംഘ്പരിവാറുകാർ; ഹിന്ദുവിരുദ്ധനാക്കാനുള്ള നീക്കം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: ബി.ജെ.പിയേയും ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടിച്ചുകുടഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗം സംഘ്പരിവാറിനെയും എൻ.ഡി.എയെയും തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. പാർല​മെന്റിൽ തന്നെ മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങും സ്പീക്കർ ഓം ബിർലയും ആ അങ്കലാപ്പ് പരസ്യമായി പ്രകടമാക്കിയിരുന്നു.

സഭക്ക് പുറത്തുള്ള ബി.ജെ.പി -സംഘ്പരിവാർ കേന്ദ്രങ്ങളെയും രാഹുലിന്റെ കടന്നാക്രമണം പിടിച്ചുലച്ചുവെന്ന് തെളിയിക്കുന്നതാണ് അവരു​ടെ പ്രതികരണങ്ങൾ. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നേതാക്കളും പ്രവർത്തകരും നടത്തുന്ന വ്യാജപ്രചരണം അതിന്റെ തെളിവാണ്. പാർലമെന്റിലെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അക്രമാസക്തരെന്ന് വിളിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി എം.പിമാരും കേന്ദ്രമന്ത്രിമാരും ബി.ജെ.പി അനുഭാവികളും സഹയാത്രികരുമടക്കം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ അടർത്തിയെടുത്ത വിഡിയോ പങ്കുവെച്ചാണ് കള്ളം പ്രചരിപ്പിക്കുന്നത്. ‘ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും നുണകളിലും ഏർപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് പറയുന്നു’ എന്നാണ് അടിക്കുറിപ്പ്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എല്ലാ ഹിന്ദുക്കളെയും അക്രമകാരികളെന്ന് വിളിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ഹിന്ദുക്കളോടുള്ള വെറുപ്പും അവഹേളനവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഹുൽ ഗാന്ധിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ഹിന്ദുക്കളോടുള്ള കോൺഗ്രസിന്റെ വിദ്വേഷം എല്ലാ പരിധികളും കടന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില ആളുകൾ ഒരിക്കലും മാറില്ലെന്ന് അമേത്തിയിൽ തോറ്റ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. യുവമോർച്ച നേതാവ് ജഗത് പ്രകാശ് നദ്ദ, മറ്റ് ബി.ജെ.പി നേതാക്കൾ, എം.പിമാർ തുടങ്ങിയവരും സമാനമായ ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോ പങ്കുവെച്ചു.

ആരോപണങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ബി.ജെ.പി ആരോപണങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തി. 1:42:06 മണിക്കൂർ ദൈർഘ്യമുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗവിഡിയോ പാർല​മെന്റ് ചാനലായ സൻസദ് ടി.വിയിൽ ലഭ്യമാണ്. അതിൽ ഒരിടത്തും ഹിന്ദുക്കളെ മുഴുവൻ അടച്ചാക്ഷേപിക്കുന്നില്ല. എന്നുമാത്രമല്ല, താൻ ബി.ജെ.പിയെയും ആർ.എസ്.എസിനെയും മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുൽ വ്യക്തമായി പറയുന്നുമുണ്ട്.

Full View

രാഹുലിന്റെ പ്രസംഗത്തി​ലെ ഹിന്ദു പരാമർശം ഇങ്ങനെ:

പ്രസംഗത്തിന്റെ 18:01 മിനിട്ടിൽ രാഹുൽ പറയുന്നതിങ്ങനെ: ‘ഇന്ത്യ അഹിംസയുടെ രാജ്യമാണെന്നും ഭയപ്പാടിന്റേതല്ലെന്നും ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ലെന്നും മോദി ഒരിക്കൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. നമ്മുടെ മഹാൻമാരായ നേതാക്കളെല്ലാം അഹിംസയെ കുറിച്ചും ഭയം ഇല്ലാതാക്കുന്നതിനെ കുറിച്ചും സംസാരിച്ചു. ‘ഭയപ്പെടരുത്, മറ്റുള്ളവർക്കിടയിൽ ഭയം സൃഷ്ടിക്കരുത്’ എന്നാണ് ശിവൻ പറഞ്ഞത്. അഭയ മുദ്ര കാണിച്ച് ശിവൻ അഹിംസയെക്കുറിച്ച് സംസാരിക്കുന്നു. തന്റെ ത്രിശൂലം മണ്ണിൽ കുഴിച്ചിടുന്നു. എന്നാൽ, ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്ന ചിലർ ഇവിടെ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും നുണകളിലും ഏർപ്പെടുന്നു. (ഭരണകക്ഷി എംപിമാർക്ക് നേരെ ചൂണ്ടിക്കാണിച്ച്) നിങ്ങൾ ഹിന്ദുക്കളേയല്ല. സത്യത്തിനൊപ്പം നിൽക്കണമെന്നും സത്യത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്നും സത്യത്തെ ഭയപ്പെടരുതെന്നും ഹിന്ദുമതം വ്യക്തമായി പറയുന്നുണ്ട്. അഹിംസയിലാണ് ഞങ്ങൾ നിലകൊള്ളുന്നത്’ എന്നാണ് പറയുന്നത്

ഇത്രയും പറഞ്ഞതോടെ 21:06 മിനിട്ട് ആയപ്പോൾ മോദി ഇടപെട്ടു: “ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമകാരികൾ എന്ന് വിളിക്കുന്നത് ഗൗരവമുള്ള കാര്യമാണ്’ എന്നായിരുന്നു മോദിയുടെ പ്രതികരണം.

ഇതിന് തൊട്ടുപിന്നാലെ, 21:19 ന് രാഹുൽ ഗാന്ധി വിശദീകരിച്ചു: “അല്ല, അല്ല, അല്ല. ഞാൻ ബി.ജെ.പിയെ കുറിച്ചും നിങ്ങളെ കുറിച്ചുമാണ് പറയുന്നത്. മോദിജി എന്നാൽ മുഴുവൻ ഹിന്ദു സമൂഹമല്ല. ബി.ജെ.പി എന്നാൽ മുഴുവൻ ഹിന്ദു സമൂഹവുമല്ല. ആർ.എസ്.എസ് എന്നാൽ മുഴുവൻ ഹിന്ദു സമൂഹമല്ല. ബിജെപിക്ക് ഹിന്ദുക്കളുടെ കുത്തകാവകാശമില്ല. ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളാണ്’’ -എന്നാണ് രാഹുൽ പറയുന്നത്.

എന്നാൽ, രാഹുലിനെ ഹിന്ദുവിരുദ്ധനാക്കാൻ ശ്രമിക്കുന്ന ബി​.ജെ.പിക്കാർ, മുഴുവൻ ഹിന്ദു സമൂഹത്തെയും രാഹുൽ അക്രമാസക്തരെന്ന് വിളിക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ വൈറൽ വീഡിയോയിൽ നിന്ന് ഈ ഭാഗം ബോധപൂർവം നീക്കം ചെയ്തു. സംഭവത്തിന്റെ മുഴുവൻ വിഡിയോയും രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Rahul Gandhi did not call the entire Hindu community violent; BJP leaders are sharing a clipped video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.