ന്യൂഡൽഹി: മുസ്ലിംലീഗ് മതേതര പാർട്ടിയാണെന്നും അവരുടെ കാര്യത്തിൽ മതേതര വിരുദ്ധമായി ഒന്നുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് ബി.ജെ.പി. തിരിച്ചടിച്ച് കോൺഗ്രസ്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ബി.ജെ.പി നേതാക്കൾ വിമർശനം തുടങ്ങിയത്.
ജിന്നയുടെ മുസ്ലിം ലീഗ് മതേതര പാർട്ടിയാണോ എന്ന് മന്ത്രി കിരൺ റിജിജു ചോദിച്ചു. മതാടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയായ പാർട്ടി മതേതര പാർട്ടിയോ? മുസ്ലിം ലീഗിനെ പിന്തുണക്കുന്നയാളെ മതേതരനായി ഇന്ത്യയിൽ ഇപ്പോഴും ചിലയാളുകൾ കാണുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വയനാട്ടിൽ സ്വീകാര്യനായി തുടരാനുള്ള വേലയാണ് രാഹുലിന്റേതെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത് മാളവ്യയുടെ കമന്റ്. ഹിന്ദു ഭീകരതയെക്കുറിച്ച് പറയുന്ന രാഹുലിന് മുസ്ലിംലീഗ് മതേതരമായി തോന്നുന്നുവെന്ന് മന്ത്രി അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
വിഭജനത്തിനുശേഷം ഇന്ത്യയിൽ തുടർന്നവർ മുസ്ലിം ലീഗുണ്ടാക്കി എം.പിമാരായി. ശരീഅത്തിനുവേണ്ടിയും മുസ്ലിംകൾക്ക് സംവരണ സീറ്റിനു വേണ്ടിയും അവർ വാദിച്ചു -അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ മുസ്ലിം ലീഗിനെ ജിന്നയുടെ മുസ്ലിംലീഗായി വിശേഷിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സവർക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തം യാഥാർഥ്യമാക്കിയ മുസ്ലിംലീഗിനെ നയിച്ച ജിന്നയെ പുകഴ്ത്തിയത് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയാണ്. ബ്രിട്ടീഷുകാർ ഭരിച്ചകാലത്ത് ബംഗാളിൽ സർക്കാറുണ്ടാക്കാൻ ഹിന്ദു മഹാസഭ പ്രസിഡന്റ് ശ്യാമപ്രസാദ് മുഖർജി ജിന്നയുടെ മുസ്ലിം ലീഗുമായി കൈകോർത്തെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.