ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര നിർത്താനുള്ള ഒഴികഴിവാണിതെന്ന് യാത്ര നയിക്കുന്ന രാഹുൽ കുറ്റപ്പെടുത്തി.
‘ഈ യാത്ര കാശ്മീർ വരെ സഞ്ചരിക്കും. ഇപ്പോഴിതാ അവർ (ബി.ജെ.പി) പുതിയൊരു ആശയവുമായി രംഗത്തുവന്നിരിക്കുന്നു. കോവിഡ് വരുന്നു, അതിനാൽ യാത്ര നിർത്തൂ എന്ന് ആവശ്യപ്പെട്ട് എനിക്ക് കത്തെഴുതി. ഇപ്പോൾ യാത്ര നിർത്താനുള്ള ഓരോ ന്യായങ്ങൾ പറയുകയാണ്. മാസ്ക് ധരിക്കൂ, യാത്ര നിർത്തൂ...ഇതെല്ലാം ഒഴികഴിവാണ്. ഈ രാജ്യത്തിന്റെ ശക്തിയെയും സത്യത്തെയും അവർ ഭയപ്പെടുന്നു’ -ഹരിയാനയിൽ മാധ്യമപ്രവർത്തകരോട് രാഹുൽ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇല്ലെങ്കിൽ ഭാരത് ജോഡോ യാത്ര തുടരാനാകില്ലെന്നും കാണിച്ച് രാഹുൽ ഗാന്ധിക്ക് മന്ത്രി കത്തയച്ചിരുന്നു. പിന്നാലെ കത്തിനെ ന്യായീകരിച്ച് മന്ത്രി രംഗത്തുവരികയും ചെയ്തു. ‘ആ കത്ത് രാഷ്ട്രീയപരമല്ല. ഞാൻ ആരോഗ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മൂന്ന് എം.പിമാർ അവരുടെ ആശങ്ക എന്നോട് പങ്കുവെച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവായിരിക്കുകയാണ്’ -മാണ്ഡവ്യ വ്യക്തമാക്കി.
എന്നാൽ, യാത്ര തടസ്സപ്പെടുത്താനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.