Rahul gandhi

രാഹുൽ ഗാന്ധി

ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

​''ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് ​കൊണ്ടുള്ള പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്.'' – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ചു. പ്രധാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മോദി സർക്കാറിന്റെ ശ്രമമാണിതെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ 54.18 ലക്ഷം കോടി ആദായനികുതി പിരിച്ചെടുത്ത സർക്കാർ ഇടത്തരക്കാർക്ക് ചെറിയ നികുതി ഇളവ് വാഗ്ദാനം ചെയ്തതായും ഖാർഗെ ആരോപിച്ചു.

12 ലക്ഷം രൂപ വരെയുള്ള ഇളവ് പ്രതിവർഷം 80,000 രൂപ ലാഭിക്കുമെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുന്നു. അതായത് പ്രതിമാസം വെറും 6,666 രൂപ. അതേസമയം, രാജ്യം മുഴുവൻ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ്. എന്നാൽ മോദി സർക്കാർ തെറ്റായ പ്രശംസ തേടുന്ന തിരക്കിലും-ഖാർഗെ പറഞ്ഞു.

യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്കായി ബജറ്റിൽ ഒന്നുമില്ല. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു ചുവടുവെപ്പ് മോദി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും നടന്നില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാർഗരേഖയില്ല. കാർഷിക ഉൽപന്നങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവില്ല, ആരോഗ്യം, വിദ്യാഭ്യാസം, ദലിത്, ആദിവാസി, പിന്നാക്കക്കാർക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Rahul Gandhi takes band aid potshot at Nirmala Sitharaman's Union Budget 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.