കടൽത്തീര ഖനനം; ടെൻഡറുകൾ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

നരേന്ദ്ര മോദി , രാഹുൽ ഗാന്ധി

കടൽത്തീര ഖനനം; ടെൻഡറുകൾ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ, നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത്. ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

'ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം' എന്ന് രാഹുൽ കത്തിൽ പറയുന്നു. ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

2023ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്. സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

നിലവിൽ കടൽ ഖനനത്തിനായി 13 ഓഫ്‌ഷോർ ബ്ലോക്കുകൾക്ക് ലൈസൻസ് നൽകുന്നതിനായാണ് ഖനി മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. തീരദേശവാസികളോട് കൂടിയാലോചിക്കാതെയും സാമൂഹിക-സാമ്പത്തിക ആഘാതം വിലയിരുത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബിൽ (എം.എം.എൽ) നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ, പ്രത്യേകിച്ച് കൊല്ലത്ത് കടൽത്തീര ഖനനം മത്സ്യ വിഭവത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം 11 ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നുണ്ട്. ഖനനം, തീരദേശ ആവാസവ്യവസ്ഥയുടെ മണ്ണൊലിപ്പ് ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - Rahul Gandhi writes to PM Narendra Modi, demands cancellation of tenders for offshore mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.