ന്യൂഡൽഹി: കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിർദേശം വിവാദമായിരിക്കെ, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഡൽഹിയിലേക്ക് കടന്നു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയും പാർട്ടി പ്രവർത്തകരും രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
ബദാർപുർ അതിർത്തിയിലാണ് യാത്ര ഡൽഹിയിലേക്ക് കടന്നത്. രാഹുൽ ഗാന്ധിക്കൊപ്പം പാർട്ടി നേതാക്കളായ ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജെവാല എന്നിവരും യാത്രയിൽ ഉണ്ടായിരുന്നു.
വിദ്വേഷം വിൽക്കുന്ന ചന്തയിൽ സ്നേഹത്തിന്റെ കട തുടങ്ങുകയാണ് ഈ യാത്രയുടെ ഉദ്ദേശ്യം എന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
‘രാജ്യത്തെ സാധാരണക്കാർ ഇപ്പോൾ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ യാത്രയിൽ അണിചേർന്നു. നിങ്ങളുടെ വിദ്വേഷ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത് എന്നാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആളുകളോട് പറഞ്ഞത്. അവർ വിദ്വേഷം പ്രചരിപ്പിക്കുന്നു.നാം സ്നേഹം പരത്തുന്നു.’ -രാഹുൽ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ യാത്ര തുടരാനാകില്ലെന്ന ആരോഗ്യമന്ത്രിയുടെ കത്തിനെ കുറിച്ചും രാഹുൽ പരാമർശിച്ചു. ബി.ജെ.പി നിരവധി സംസ്ഥാനങ്ങളിൽ യാത്രകൾ സംഘടിപ്പിക്കുന്നു. എന്നാൽ ആരോഗ്യ മന്ത്രി കത്തെഴുതിയത് നമുക്ക് മാത്രമാണെന്നും രാഹുൽ പറഞ്ഞു.
യാത്രയുടെ രാവിലെയുള്ള വിശ്രമം 11 മണിയോടെ ആശ്രം ചൗക്കിലായിരിക്കും. ഉച്ചക്ക് ഒരു മണിയോടെ യാത്ര വീണ്ടും തുടരും. പിന്നീട് ചെങ്കോട്ടക്ക് സമീപം വിശ്രമിക്കും.
ഡിസംബർ 16ന് 100 ദിവസം പൂർത്തിയാക്കിയ യാത്ര വർഷാവസാനത്തോടനുബന്ധിച്ച് ഡൽഹിയിൽ ഒമ്പതു ദിവസത്തെ അവധി എടുക്കും. ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് വീണ്ടും യാത്ര തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.