ന്യൂഡൽഹി: വയനാട് എം.പി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ നടത്തിയ കന്നി പ്രസംഗത്തെ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗവുമായി താരതമ്യപ്പെടുത്തി തൃണമൂൽ കോൺഗ്രസ് എം.പി ശത്രുഘ്നൻ സിൻഹ. രാഹുലിന്‍റെ പ്രസംഗം കൊള്ളാമെന്നും എന്നാൽ പ്രിയങ്കയുടെ പ്രസംഗമാണ് മികച്ചതെന്നും ശത്രുഘ്നൻ സിൻഹ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
'രാഹുലിന്‍റേത് ചെറിയ പ്രസംഗമാണ്, കുറച്ചുകൂടി സംസാരിക്കണമെന്ന് ആളുകൾക്ക് തോന്നി. പക്ഷെ അത് വളരെ നല്ല പ്രസംഗമായിരുന്നു. എന്നാൽ, പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം വളരെ മികച്ചതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. അഖിലേഷ് യാദവും കല്യാൺ ബാനർജിയും വളരെ നന്നായി സംസാരിച്ചു.
ആത്മവിശ്വാസത്തോടെ പ്രിയങ്ക ആഴത്തിൽ സംസാരിച്ചു. അവർ എല്ലാ പ്രശ്നങ്ങളും കവർ ചെയ്തു. ഇന്ന് രാഹുൽ ഊർജസ്വലതയോടെ നല്ല പോലെ സംസാരിച്ചു, പക്ഷേ അദ്ദേഹം കൂടുതൽ സംസാരിക്കേണ്ടതായിരുന്നു.' -ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി.
ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ ആയുധമാക്കിയാണ് ലോക്സഭയിൽ ഇന്ന് മോദി സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടന്നാക്രമണം നടത്തിയത്. മനുസ്മൃതിയാണ് ഭരണഘടനയെന്ന് പറഞ്ഞയാളാണ് സവർക്കർ എന്നും ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു.
സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടു പോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഭരണഘടനയിൽ എഴുതിവെക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ലോക്സഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് പ്രതിരോധ മന്ത്രി രാജനാഥ് സിങ് നടത്തിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കന്നി പ്രസംഗത്തിൽ ചുട്ടമറുപടിയാണ് ഇന്നലെ പ്രിയങ്ക ഗാന്ധി നൽകിയത്. പ്രജകളുടെ സ്ഥിതിയറിയാൻ വേഷം മാറി നടന്ന രാജാവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടത് പറഞ്ഞ പ്രിയങ്ക ഇന്നത്തെ രാജാവും വേഷം മാറുന്നുണ്ടെന്ന് പറഞ്ഞു.
ഇന്നത്തെ രാജാവിന് ജനങ്ങൾക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്ന് പറഞ്ഞ പ്രിയങ്ക ലോക്സഭയെ ചിരിപ്പിച്ചു. പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും ഭരണപക്ഷത്തേക്ക് പോയാൽ എല്ലാം കഴുകിക്കളയുന്ന വാഷിങ് മെഷീൻ അവരുടെ കൈയിൽ ഉള്ള കാര്യം ജനങ്ങൾക്കറിയാമെന്ന് പറഞ്ഞു.
സഭാംഗങ്ങൾ ഉറക്കെ ചിരിച്ചാണ് അതിനെ വരവേറ്റത്. പ്രതിപക്ഷത്തെ അഴുക്ക് ഭരണപക്ഷത്തിന് ശുദ്ധമാണ്. അപ്പുറത്തേക്ക് പോയ പല കൂട്ടുകാരെയും ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് പ്രിയങ്ക പരിഹസിച്ചു.
പ്രിയങ്ക ഗാന്ധി വാദ്രയുടെ പേര് സ്പീക്കർ വിളിച്ചതു തൊട്ട് നിശ്ശബ്ദമായിരുന്നു സഭ. പ്രസംഗം തീരുന്നതു വരെ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. ഒരുവേള പ്രസംഗം തടസപ്പെടുത്താൻ മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എഴുന്നേറ്റുനിന്ന് ഒച്ചവെച്ചു. സ്വിച്ചിട്ട പോലെ പ്രതിപക്ഷം എഴുന്നേറ്റതോടെ രാജ്നാഥ് ഇടപെട്ടു. ഠാക്കൂറിനെ ഇരുത്തി.
പണത്തിന്റെ ബലത്തിൽ സർക്കാറുകളെ അട്ടിമറിച്ചതിനെപ്പറ്റിയായി പ്രിയങ്ക. അതിനിടെ ഭരണഘടനയെക്കുറിച്ച് നിർമാണാത്മകമായ ചർച്ച നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് സ്പീക്കർ ഇടപെട്ടു. വീണ്ടും പ്രതിപക്ഷ ബെഞ്ച് സട കുടഞ്ഞു. എം.പിമാർ ഒന്നടങ്കം എണീറ്റ് നടപടി ചോദ്യം ചെയ്തതോടെ ചെയറും നിശ്ശബ്ദമായി.
ഈ രാജ്യം ഭയത്തോടെയല്ല, ധൈര്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. പേടിപ്പിച്ച് പേടിപ്പിച്ച് ഇനി പേടിപ്പിക്കാൻ കൈയിൽ ഒന്നുമില്ലെന്ന് അവർക്ക് തോന്നിത്തുടങ്ങി. ഭയമില്ലാതാകുന്നതോടെ കൈവരിക്കുന്ന ശക്തിക്ക് മുന്നിൽ ഒരു ഭീരുവിനും നിൽക്കാനാവില്ല. ഈ രാജ്യം ഭീരുക്കളുടെ കൈയിൽ അധികകാലം നിൽക്കില്ല. ഈ രാജ്യം എഴുന്നേറ്റുനിന്ന് പോരാടും. സത്യം തെരഞ്ഞെടുക്കും. സത്യമേ ജയിക്കൂ... പ്രിയങ്ക പ്രസംഗം ഉപസംഹരിച്ചു.
പ്രസംഗം കഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും പേരമകൻ റൈഹാനും ഒപ്പം സന്ദർശക ഗാലറിയിൽ നിന്ന് ഇറങ്ങിവന്ന സോണിയ ഗാന്ധി സഭയിലെ നിശ്ശബ്ദതയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ലോക്സഭയിൽ ഇത്രയും കാലമിരുന്നിട്ടും ഇത്രയും ശാന്തതയും നിശ്ശബ്ദതയും താൻ കണ്ടിട്ടില്ലെന്ന് സോണിയ പറഞ്ഞപ്പോൾ ഖാർഗെയും അത് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.