ചെന്നൈ: കോയമ്പത്തൂർ മേഖലയിൽ കോളജ് വിദ്യാർഥികൾ താമസിക്കുന്ന മുറികളിലും പതിവായി സന്ദർശിക്കുന്ന കേന്ദ്രങ്ങളിലും മറ്റും പൊലീസ് മിന്നൽ പരിശോധന നടത്തി. സുലുർ, നീലാമ്പൂർ, ചെട്ടിപാളയം തുടങ്ങിയ പ്രദേശങ്ങളിൽ 250ഓളം പൊലീസുകാർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്.
ഇവിടങ്ങളിൽനിന്ന് ആറ് കിലോ കഞ്ചാവും നാല് കത്തികൾ ഉൾപ്പെടെ ആയുധങ്ങളും നമ്പർ പ്ലേറ്റില്ലാത്ത 42 മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
മലയാളി വിദ്യാർഥികൾ താമസിക്കുന്ന വാടക മുറികളിലും പൊലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. കോളജ് വിദ്യാർഥികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാനാണ് നടപടിയെന്ന് കോയമ്പത്തൂർ ജില്ല പൊലീസ് സൂപ്രണ്ട് കാർത്തികേയൻ പറഞ്ഞു.
വിദ്യാർഥികൾക്ക് വീട് വാടകക്ക് നൽകുമ്പോൾ മുഴുവൻ വിവരങ്ങളും ഉടമസ്ഥർ ശേഖരിച്ചുവെക്കണം. മയക്കുമരുന്ന് ഉപയോഗം, ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി സൗഹൃദം സ്ഥാപിക്കൽ, ആയുധങ്ങൾ ഉപയോഗിക്കൽ, സംഘം ചേർന്ന് കലാലയ ഗുണ്ടാവിളയാട്ടം തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.