ചെന്നൈ: കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശം. ദിവസങ്ങളായി പെയ്ത മഴയിൽ 50,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കൃഷി നശിച്ചതായാണ് കണക്കുകൾ. മൺസൂൺ സീസണിൽ ലഭിക്കുന്ന മഴയേക്കാൾ 68 ശതമാനം അധികമാണ് തമിഴ്നാട്ടിൽ പെയ്ത മഴ. അപ്രതീക്ഷിത ദുരന്തമാണ് വ്യാപകമായി കൃഷി നശിക്കാൻ കാരണം.
ചെന്നൈ, വില്ലുപുരം കൂടല്ലൂർ, കന്യാകുമാരി, തൂത്തുക്കുടി, മധ്യ തമിഴ്നാട്ടിലെ ഡെൽറ്റ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത്. ഒക്ടോബറിൽ തുടങ്ങിയ മഴയിൽ 2300 ഒാളം വീടുകൾ സംസ്ഥാനത്ത് ഇതുവരെ തകർന്നു. നവംബർ രണ്ടാംവാരത്തിൽ മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും വെള്ളത്തിനടിയിലാകുകയും ചെയ്തു. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം നിറഞ്ഞു.
നാഗപട്ടണം ജില്ലയിലെ കൃഷിക്കാരനായ രാസപ്പൻ പാട്ടത്തിനെടുത്ത 15 ഏക്കറിലെ വിളവെടുക്കാറായ നെൽകൃഷിയാണ് നശിച്ചത്. 'എല്ലാ വിളകളും നശിച്ചു. കടം കയറിയതോടെ ആഭരണങ്ങളെല്ലാം ബാങ്കിൽ പണയംവെച്ചു. സർക്കാർ സഹായം നൽകിയാൽ അവ തിരിച്ചെടുക്കാനും വീണ്ടും കൃഷിയിറക്കാനും സാധിക്കും. അല്ലെങ്കിൽ ഭൂമി തരിശായി കിടക്കും' -രാസപ്പൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കേന്ദ്രസർക്കാറിനോട് സംസ്ഥാനം 2600 കോടിയുടെ ദുരിതാശ്വാസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി നാലു ദിവസത്തെ സന്ദർശനത്തിലാണ് കേന്ദ്രസംഘം.
'ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തുടർന്ന് നിരന്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന ജില്ലയാണ് കൂടല്ലൂർ. ഇതിന് ശാശ്വതമായ പരിഹാരം കാണണം. ജില്ലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കണം' -തമിഴ്നാട് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.