ശ്രീനഗർ: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ചത് ജാക്കറ്റല്ല, റെയിൻകോട്ടാണെന്ന് കോൺഗ്രസ്. ഭാരത് ജോഡാ യാത്രയിൽ ആദ്യമായി ജാക്കറ്റ് ധരിച്ചുവെന്ന് വാർത്തകൾ ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസിന്റെ വിശദീകരണം.
യാത്രക്കിടെ മധ്യപ്രദേശിൽ മൂന്ന് പാവപ്പെട്ട പെൺകുട്ടികൾ തണുപ്പിൽ കീറിയ വസ്ത്രവുമായി നടക്കുന്നത് കണ്ടെന്നും അതിനു ശേഷം തനിക്ക് തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നുമായിരുന്നു ടീഷർട്ട് മാത്രം ധരിക്കുന്നതിനെ കുറിച്ച് രാഹുൽ പറഞ്ഞിരുന്നത്. യാത്ര കശ്മീരിലേക്ക് കടന്നപ്പോൾ ഇന്ന് വെള്ള ടീ ഷർട്ടിനുമേൽ കറുത്ത ജാക്കറ്റ് പോലുള്ള വസ്ത്രം ധരിച്ചാണ് രാഹുൽ പ്രത്യക്ഷപ്പെട്ടത്.
ഇതാണ് രാഹുൽ ജാക്കറ്റ് ധരിച്ചെന്ന വാർത്ത പടരാൻ ഇടയാക്കിയത്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനവും ജയർന്നിരുന്നു. തുടർന്നാണ് കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്.
‘അത് റെയിൻകോട്ടാണ്, ജാക്കറ്റല്ല. മഴ കഴിഞ്ഞു, റെയിൻകോട്ട് പോയി’ എന്നാണ് യാത്രക്കിടയിൽ റെയിൻകോട്ട് ഊരുന്ന രാഹുലിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് വിശദീകരിച്ചത്.
കശ്മീരിൽ രാവിലെ മഴയുണ്ടായിരുന്നു. മഴ യാത്രയെ തടസപ്പെടുത്തില്ലെന്ന് നേരത്തെ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.
125 ദിവസത്തിലേക്ക് കടന്ന യാത്രയിൽ 3400 കി.മി ദൂരമാണ് രാഹുലും സംഘവും താണ്ടിയത്. ജനുവരി 30നാണ് യാത്ര അവസാനിക്കുക. 20 ലേറെ പാർട്ടികളെ യാത്രയിൽ പങ്കുചേരാൻ ക്ഷണിച്ചിട്ടുണ്ടെന്ന് നേരത്തെ ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.