പിങ്ക് നിറം സ്ത്രീ സൗഹൃദമാണ്. രാജസ്ഥാന്റെ ഭരണ സിരാകേന്ദ്രമായ ജയ്പുരിനെ ‘പിങ്ക് സിറ്റി’യെന്ന വിളിപ്പേര് ചാർത്തിയത് അതുകൊണ്ടായിരുന്നില്ല. ഇളംചുവപ്പു നിറമുള്ള കല്ലുകൾ കൊണ്ടാണ് പഴയകാല നിർമിതികൾ ഏറെയും. ജയ്പുർ മഹാരാജാവായിരുന്ന രാംസിങ് രണ്ടാമൻ ബ്രിട്ടനിൽനിന്ന് വിരുന്നെത്തിയ രാജകുമാരീ-കുമാരന്മാരെ വരവേൽക്കാൻ നഗരത്തെ ഒരുക്കിയപ്പോൾ കെട്ടിടങ്ങൾക്കെല്ലാം പാടലവർണം പൂശിയെന്നുമുണ്ട് ചരിത്രം. ചരിത്രം പിന്നിട്ട് വർത്തമാനകാലത്തേക്ക് എത്തിയാൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പിന് സ്ത്രീ സൗഹൃദത്തിന്റെ പിങ്ക് നിറം പൂശാൻ മത്സരിക്കുകയാണ് പാർട്ടികൾ.
സ്ത്രീ വോട്ടിനെ സ്വാധീനിക്കാൻ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും പാരിതോഷികങ്ങളും അത്രയേറെയാണ്. സ്ത്രീകളെ സ്വാധീനിക്കാനുള്ള എല്ലാ അടവും പുറത്തെടുത്തിട്ടുണ്ട്, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ കുടുംബനാഥക്ക് ഗഡുക്കളായി പ്രതിവർഷം 10,000 രൂപ നൽകുമെന്നാണ് അദ്ദേഹത്തിന്റെ ഒരു വാഗ്ദാനം. വിലക്കയറ്റത്തിൽ പൊള്ളുന്ന അടുക്കളകളുടെ വികാരത്തെ സ്വാധീനിക്കാൻ പാകത്തിൽ, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്നുമുണ്ട് വാഗ്ദാനം.
രാജസ്ഥാനിലെ 1.33 കോടി സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ നൽകാൻ 12,000 കോടി രൂപയുടെ ഇന്ദിര ഗാന്ധി ഫ്രീ സ്മാർട്ട് ഫോൺ പദ്ധതിയാണ് ഗെഹ്ലോട്ട് സംഭാവന ചെയ്തിട്ടുള്ളത്. സർക്കാർ ബസിൽ സ്ത്രീകൾക്ക് 90 ശതമാനം സൗജന്യം. പെൺകുട്ടികൾക്കായി സൗജന്യ സാനിറ്ററി നാപ്കിൻ പദ്ധതി. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് നിർഭയം പൊലീസ് സൂപ്രണ്ടിന് മുമ്പാകെയെത്തി പരാതി പറയാനും, ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും സൗകര്യം. അങ്ങനെ നീളുന്നു പട്ടിക.
മുമ്പത്തെപ്പോലെയല്ല, പാർട്ടികളോടും സ്ഥാനാർഥികളോടുമുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇന്ന് സ്ത്രീകളത്രേ. മക്കളെയും കുടുംബനാഥനെത്തന്നെയും അവർ സ്വാധീനിച്ചുകളയും. ഈ തിരിച്ചറിവിൽനിന്നാണ് പാർട്ടികൾ സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കരുനീക്കുന്ന ഗെഹ്ലോട്ടിനോട് സ്വന്തം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്താകെ വനിതകൾക്ക് പ്രത്യേക മമതയുണ്ട്. ബി.ജെ.പിയുടെ വനിതാ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയേക്കാൾ സ്ത്രീ വോട്ട് കൂടുതൽ സമാഹരിക്കുന്നത് ഗെഹ്ലോട്ടിന്റെ അടവും നയവുമാണ്.
സ്ത്രീകളെ ഉന്നമിട്ട് വോട്ടുപിടിക്കാനുള്ള ഗെഹ്ലോട്ടിന്റെ ശ്രമങ്ങൾക്ക് തടയിടാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം വനിതാ നേതാക്കളെ രാജസ്ഥാനിൽ നിയോഗിച്ചിരിക്കുകയാണ് ബി.ജെ.പി. ഗെഹ്ലോട്ടിന്റെ ഭരണകാലത്ത് സ്ത്രീ സുരക്ഷ അപകടത്തിലാണെന്ന് സ്ഥാപിക്കാനും അവർ ശ്രമിക്കുന്നു. ടോങ്കിൽ ഒരു എസ്.ഐ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കഴിഞ്ഞയാഴ്ചത്തെ സംഭവത്തിലും അവർ ഗെഹ്ലോട്ടിനെ പ്രതിക്കൂട്ടിൽ കയറ്റി. ഗെഹ്ലോട്ട് ഭരിക്കുന്ന നാട്ടിൽ ക്രമസമാധാനം തകർന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതെന്നാണ് ബി.ജെ.പിയുടെ പക്ഷം.
വോട്ടുചെയ്യാൻ പോളിങ് ബൂത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധന കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടതോടെയാണ് ഗെഹ്ലോട്ട് മനസ്സിരുത്തി കരുനീക്കിത്തുടങ്ങിയത്. 2018ൽ ബൂത്തിലെത്തിയ പുരുഷന്മാരേക്കാൾ കൂടുതലായിരുന്നു സ്ത്രീകൾ. വോട്ടു ചെയ്തവരിൽ 74 ശതമാനം സ്ത്രീകൾ; പുരുഷന്മാർ 73 ശതമാനം. വോട്ടർമാരുടെ കണക്കെടുത്താൽ ഇത്തവണയും പുരുഷന്മാരാണ് ലേശം കൂടുതൽ.
പക്ഷേ, വോട്ടു ചെയ്യാൻ വാശി കൂടുതൽ സ്ത്രീകൾക്കാണ്. സർക്കാറിൽനിന്ന് നേരിട്ടു പണമായി കിട്ടുന്ന ഏതൊരു തുകയും വോട്ടിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്ന് രാജസ്ഥാനിൽ മാത്രമല്ല, പല സംസ്ഥാനങ്ങളിലും കണ്ടതാണ്. കുടുംബനാഥക്ക് 10,000 രൂപ പ്രതിവർഷം നൽകുമെന്ന് ഗെഹ്ലോട്ട് പറയുമ്പോൾ, അടുത്ത അഞ്ചുവർഷം കൊണ്ട് ആ സർക്കാറിൽനിന്ന് ഓരോ കുടുംബത്തിനും റൊക്കമായി കിട്ടാൻ പോകുന്നത് 50,000 രൂപയാണ്. ഇത്തരത്തിൽ വോട്ടർ മനക്കോട്ട കെട്ടുമ്പോൾ വിഷമിക്കുന്നത് ബി.ജെ.പിയാണ്. കൂടുതൽ സ്ത്രീ സൗഹൃദമാകാൻ അവർക്ക് മത്സരിക്കാതെ തരമില്ല. സ്മാർട്ട് ഫോണല്ല, സുരക്ഷയാണ് സ്ത്രീകൾക്ക് വേണ്ടതെന്ന് ഉറക്കെയുറക്കെ പറയാതെ തരമില്ല. ബി.ജെ.പി ഭരിക്കുന്ന യു.പിയാണ് സ്ത്രീ അരക്ഷിതാവസ്ഥയിൽ പ്രഥമ സംസ്ഥാനമെന്ന് കോൺഗ്രസുകാർ തിരിച്ചടിക്കുന്നു.
സൗജന്യങ്ങളും പ്രലോഭനങ്ങളും വാരിവിതറുന്നുണ്ടെങ്കിലും, പറയുന്നത്ര സ്ത്രീസൗഹൃദമല്ല രാജസ്ഥാനിലെ പ്രമുഖ പാർട്ടികൾ. വോട്ടർമാരിൽ പകുതി സ്ത്രീകളാണ്. എന്നാൽ, സംസ്ഥാനത്ത് ആകെയുള്ള 1,875 സ്ഥാനാർഥികളിൽ സ്ത്രീജനം 183 മാത്രം. 299 സ്ത്രീകൾ പത്രിക നൽകിയിരുന്നെങ്കിലും, മറ്റുള്ളവർ പിൻവലിക്കാൻ നിർബന്ധിതരായി. ഗെഹ്ലോട്ടിന്റെ മന്ത്രിസഭയിലെ മൂന്നു വനിതകളിൽ ആരും പ്രധാന വകുപ്പുകളൊന്നും കൈകാര്യം ചെയ്യുന്നില്ല. ബി.ജെ.പിയോ? രാജകുടുംബത്തിന് നൽകേണ്ടി വന്ന പ്രത്യേക പരിഗണനയാണെങ്കിൽക്കൂടി, രണ്ടുവട്ടം മുഖ്യമന്ത്രിയായ വനിത വസുന്ധര രാജെയെ ഒതുക്കിയാണ് മുന്നോട്ടുപോകുന്നത്. 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് 28 വനിതകളെയാണ് -ഫലത്തിൽ 14 ശതമാനം.
കോൺഗ്രസ് സ്ത്രീ വിരുദ്ധമാണെന്നുപറയുന്ന ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടികയിൽ 10 ശതമാനം മാത്രമാണ് സ്ത്രീകൾ. ബി.ജെ.പി മത്സരിപ്പിക്കുന്നത് 20 വനിതകളെ മാത്രം. അഞ്ചുവർഷം മുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാൾ മോശമാണ് സ്ഥിതി. 2018ൽ ബി.ജെ.പി 23 പേർക്ക് ടിക്കറ്റ് കൊടുത്തിരുന്നു. കോൺഗ്രസിന് പറഞ്ഞുനിൽക്കാം. 27ൽ നിന്ന് ഇത്തവണ ഒരു സീറ്റുകൂടി വനിതക്ക് കോൺഗ്രസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 80,000 സ്ത്രീകൾ കൂടി വോട്ടർപട്ടികയിൽ ഉള്ളതിന്റെ പരിഗണനയാകാം. പിന്നാക്ക-ന്യൂനപക്ഷ വിഭാഗ പ്രാതിനിധ്യത്തിന്റെ സ്ഥിതി അതിനേക്കാൾ മോശം.
പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത പ്രാതിനിധ്യം കൊടുത്തേ തീരൂ. 200 അംഗ നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ മുസ്ലിംകൾ 12 പേർ. ബി.ജെ.പി പട്ടികയിൽ മുസ്ലിം ആരുമില്ല. അഞ്ചുവർഷം മുമ്പത്തെ പട്ടികയിലുണ്ടായിരുന്ന ഏക മുസ്ലിം മുഖമായിരുന്ന സിറ്റിങ് എം.എൽ.എ യൂനുസ്ഖാനും ഇത്തവണ ഔട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.