ദാത്താറാംഗഡിലെ ബായ് മാർക്കറ്റിൽ വൈകീട്ട് നാലുമണി കഴിഞ്ഞ നേരം. ട്രോളി ഘടിപ്പിച്ച ട്രാക്ടർ ഇടുങ്ങിയ വഴികളിലൂടെ കടന്നുവന്ന് വിസ്താരം കൂടിയ ഭാഗത്ത് നിർത്തി. പിന്നെ, ട്രോളി ഒരുവശത്തേക്ക് തള്ളി വേർപെടുത്തി ട്രാക്ടർ ഓടിച്ചു പോയി. അപ്പോഴേക്കും ട്രോളിക്കു മുകളിൽ വലിയ തുണി വിരിക്കുകയാണ് കുറെപ്പേർ. സ്റ്റേജ് തയാർ. അതിനു മുന്നിലെ റോഡിൽ നീളത്തിൽ ടാർപായ കൂടി വിരിച്ചപ്പോൾ അകലെ മാറിനിന്നവർ ഓരോരുത്തരായി വന്ന് ഇരുന്നുതുടങ്ങി.
ചെറുസദസ്സും റെഡി. സ്പീക്കറിൽ നിന്ന് കാതടപ്പിക്കുന്ന ശബ്ദം മുഴക്കിവന്ന വാഹനം മുന്നോട്ടു കടന്നുപോയി. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽനിന്ന് കറുത്തു നീണ്ട അതികായൻ നിറക്കൂട്ടുള്ള തലപ്പാവ് നേരെയാക്കി ഇറങ്ങി. എല്ലാവരെയും നോക്കി കൈകൂപ്പി അദ്ദേഹം സ്റ്റേജിലേക്ക് കയറുമ്പോൾ കാണികൾ കൈയടിച്ചും മുഷ്ടിചുരുട്ടി വായുവിലെറിഞ്ഞും വരവേറ്റു. ‘‘അംറാ റാം സിന്ദാബാദ്’’.
ദത്താറാംഗഡിലെ സി.പി.എം സ്ഥാനാർഥിയുടെ പ്രചാരണ പരിപാടി ഇങ്ങനെയാണ് മുന്നേറുന്നത്. സി.പി.എമ്മിന്റെ രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിക്ക് മത്സരവും സ്ഥാനാർഥിത്വവും പുതുമയല്ല. കുടിവെള്ളം പോലും റേഷനായി കിട്ടുന്ന തൊണ്ടവരണ്ട നാടാണ് സീക്കർ.
വെള്ളത്തിനായുള്ള നീണ്ട സമരങ്ങൾ മുന്നിൽനിന്ന് നയിച്ച് ജനകീയനായാണ് അംറാ റാം കോൺഗ്രസിനെയും ബി.ജെ.പിയെയും തോൽപിച്ച് നാലുവട്ടം നിയമസഭയിൽ എത്തിയത്. മികച്ച എം.എൽ.എ എന്ന ബഹുമതിയും നേടി. പ്രധാന പാർട്ടികളെ അംറാ റാം മൂന്നുവട്ടം തോൽപിച്ചത് സ്വന്തം ഗ്രാമം ഉൾപ്പെടുന്ന ദോഡിലാണ്. അത് സംവരണ മണ്ഡലമായപ്പോഴാണ് തൊട്ടടുത്ത ദാത്താറാംഗഡിലേക്ക് മാറിയത്.
ഒരുതവണ ജയിച്ചെങ്കിലും, ജാതിരാഷ്ട്രീയം കൂടിക്കുഴഞ്ഞ മണ്ഡലത്തിൽ 2013 മുതൽ അംറാ റാം എന്ന ജനകീയ കർഷക നേതാവ് മൂന്നാം സ്ഥാനക്കാരനായി തോറ്റു നിൽക്കുകയാണ്. എന്നാൽ, തെരഞ്ഞെടുപ്പുകൾ പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരം കൂടിയാണ്; പിന്മാറ്റമില്ല. ഗംഗാനഗർ, ബിക്കാനിർ ജില്ലകളിൽനിന്നായി രണ്ടുപേരെ നിയമസഭയിലെത്തിച്ച പാർട്ടി ഇത്തവണ 17 സീറ്റിൽ മത്സരിക്കുന്നു.
സ്നേഹം പങ്കുവെക്കാൻ പഗ്ഡിയും (തലപ്പാവ്) ബന്ദിപ്പൂ മാലകളുമായി സ്റ്റേജിൽ കയറിയവർക്കിടയിലെ വയോധികനെ സ്വന്തം തലപ്പാവ് അണിയിച്ചാണ് അംറാ റാം സ്വീകരിച്ചത്. നേതാവിനെയും പാർട്ടിയെയും നൂറുനാവുകൊണ്ട് പുകഴ്ത്തുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സുഭാഷ് ഝാക്കറുടെ കൈയിൽനിന്ന് മൈക്ക് വാങ്ങിയ അംറാ റാം അധികമൊന്നും വിസ്തരിക്കാൻ നിന്നില്ല. മോദി നയിക്കുന്ന കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും വില കൂട്ടി. വെള്ളത്തിനും സീക്കറിൽ തീവിലയാണ്. കർഷകർ വിയർപ്പിന്റെ വിളവെടുക്കുമ്പോൾ, അതിനു അർഹമായ വില നൽകുന്നില്ല. ഗെഹ് ലോട്ട് നയിക്കുന്ന സംസ്ഥാന സർക്കാറിന്റെ ക്രമക്കേടായി ചോദ്യപേപ്പർ ചോർച്ച നടക്കുമ്പോൾ വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിലിന് അലയുന്നു. കർഷകരുടെയും തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങൾ നിയമസഭയിൽ എത്തിക്കണമെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ടു കുത്തണം. പ്രസംഗം കഴിഞ്ഞു.
സ്റ്റേജിൽനിന്ന് ഇറങ്ങുമ്പോൾ ‘മാധ്യമ’ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി.
-- കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, വിദ്യാർഥികൾ എല്ലാം പ്രശ്നത്തിലാണ്. അവർ ബി.ജെ.പിക്കും കോൺഗ്രസിനും എതിരാണ്. പാവപ്പെട്ടവരും പ്രയാസം നേരിടുന്നവരും സി.പി.എമ്മിനൊപ്പമാണ്. വിജയം നൂറു ശതമാനം ഉറപ്പ്.
-- ഇൻഡ്യയുടെ ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പാണ്. ബി.ജെ.പിയെ യോജിച്ച് നേരിടുകയാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക സാഹചര്യങ്ങളാണ് പ്രധാനം.
-- കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയാറായില്ല. മൂന്നു സീറ്റുവരെ നൽകാമെന്നാണ് പറഞ്ഞത്. പാർട്ടിക്ക് അതിനേക്കാൾ ഇടവും സ്വാധീനവും രാജസ്ഥാനിൽ ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു.
ചുറ്റും നിന്നവർ കൈയടിച്ചു. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകാൻ അംറാ റാം വാഹനത്തിലേക്ക്. ചുകപ്പൻ ആവേശത്തിമിർപ്പിൽ അംറാറാം ജയ്പുരിലെ നിയമസഭാ മന്ദിരത്തിൽ വീണ്ടുമെത്തുമെന്ന പ്രവർത്തകരുടെ വിശ്വാസം വീറുള്ള മുദ്രാവാക്യമായി മുഴങ്ങി: ‘‘ലാൽ ലാൽ ലഹർ ആയേഗാ, അംറാ ജയ്പുർ ജായേഗാ.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.