ജയ്പൂർ: വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്രലോകത്ത് ജീവിക്കുന്ന ഈ കാലത്ത് ഇന്ത്യയിലെ സ്ത്രീകൾ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭർത്താവിന്റെ ദീർഘായുസ്സിനായി പ്രാർഥിക്കുന്നതും ദൗർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ. ശനിയായഴ്ച ജയ്പൂരിൽ നടന്ന 'ഡിജിഫെസ്റ്റിന്റെ' സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഘ്‌വാളിന്‍റെ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. മന്ത്രി മാപ്പ് പറയണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
'ചൈനയിലേയും യു.എസിലേയും സ്ത്രീകൾ ശാസ്ത്രലോകത്താണ് ജീവിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾ കർവാ ചൗത്തിന്‍റെ പേരിൽ അരിപ്പയിലൂടെ ചന്ദ്രനെ നോക്കി ഭർത്താവിന്‍റെ ദീർഘായുസ്സിനായി പ്രാർഥിക്കുകയാണ്. എന്നാൽ ഭർത്താവ് ഒരിക്കലും ഭാര്യയുടെ ദീർഘായുസ്സിനായി ഇത് ചെയ്യുന്നില്ല'- മന്ത്രി പറഞ്ഞു. ചിലർ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുകയാണെന്നും അവർ ജാതിയുടെയും മതത്തിന്‍റെയും പേരിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർവാ ചൗത്തിനെതിരായ മന്ത്രിയുടെ പരാമർശം പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും ശാത്രബോധത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളെ അപമാനിച്ച മന്ത്രി മാപ്പ് പറഞ്ഞ് തന്‍റെ പ്രസ്താവന പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവും എം.എൽ.എയുമായ രാംലാൽ ശർമ ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകൾ അവരുടെ പാരമ്പര്യം പിന്തുടരുന്നവരാണ്. തൊഴിലും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ അവർക്കറിയാമെന്നും ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.