ന്യൂഡൽഹി: ശനിയാഴ്ച രാത്രി അന്തരിച്ച ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബയോട് ഭരണകൂടം കാണിച്ച നീതിനിഷേധവും ക്രൂരതയും ചർച്ചയാക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. കുറ്റവിമുക്തനായ സായിബാബയോടും കുറ്റവാളിയായ ആൾദൈവം ഗുർമീത് റാം റഹീമിനോടുമുള്ള നിയമവാഴ്ചയുടെ സമീപനത്തിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ട്വിറ്ററിലാണ് സർദേശായിയുടെ പ്രതികരണം.
‘‘ജി.എൻ സായിബാബയെയും ആൾദൈവം ഗുർമീത് റാം റഹീമിനെയും കൈകാര്യം ചെയ്ത രീതിയിലെ ഇരട്ടത്താപ്പ് പോലെ, പരാജയപ്പെട്ട ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ തുറന്നുകാട്ടാൻ വേറൊന്നുമില്ല. ശനിയാഴ്ച അന്തരിച്ച 'അർബൻ നക്‌സൽ' എന്ന് മുദ്രകുത്തപ്പെട്ട ഡൽഹി സർവകലാശാല പ്രഫസർ സായിബാബയെ യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 90% വൈകല്യമുണ്ടായിരുന്ന, വീൽചെയറിൽ കഴിയുന്ന അദ്ദേഹത്തിന് വർഷങ്ങളോളം ജാമ്യം നിഷേധിച്ചു. അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലും പരോൾ ലഭിച്ചില്ല. ഒരു ദശാബ്ദത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് സായിബാബക്കെതിരെയുള്ള യു.എ.പി.എ കുറ്റത്തിൽനിന്ന് വെറുതെ വിട്ടത്. നേരെമറിച്ച്, ബലാത്സംഗ കൊലപാതക കേസുകളിൽ കുറ്റവാളിയായ റാം റഹീമിന് പരോൾ ലഭിക്കുന്നത് പതിവായിരുന്നു, പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. ദർശനത്തിനായി അണിനിരന്ന നേതാക്കൾക്കൊപ്പം ഒരു വി.വി.ഐ.പിയെപ്പോലെയാണ് കഴിഞ്ഞത്. അന്ധ നിയമമാണോ അതോ നിയമവാഴ്ച ഇല്ലേ? ചിന്തിക്കുക’’ -രാജ്ദീപ് സർദേശായി എക്സിൽ പറഞ്ഞു.
മാവോവാദി ബന്ധമാരോപിച്ച് 10 വർഷത്തോളം ജയിലിലടച്ച സായിബാബയെ 2024 മാർച്ച് അഞ്ചിന് കോടതി കുറ്റമുക്തനാക്കിയതിനെ തുടർന്ന് മാർച്ച് ഏഴിനാണ് നാഗ്പൂർ സെൻട്രൽ ജയിലിൽനിന്ന് മോചിപ്പിച്ചത്. ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന സായിബാബ ചക്രക്കസേരയുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും ഒമ്പത് മാസത്തോളം ജയിൽ അധികൃതർതന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ജയിൽ മോചിതനായശേഷം സായിബാബ ആരോപിച്ചിരുന്നു.
Monday musing: Nothing quite exposes a failed criminal justice system than the contrasting manner in which GN Saibaba and Gurmeet Ram Rahim were treated by law. Saibaba, a DU prof, who passed away on weekend was branded ‘Urban Naxal’, arrested under UAPA, denied bail on health… pic.twitter.com/vfeXyTpm3k
— Rajdeep Sardesai (@sardesairajdeep) October 14, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.