ജയ്പൂർ: ചാടിപ്പോകുന്നത് തടയാൻ രാജസ്ഥാനിൽ എം.എൽ.എമാരെ റിസോർട്ടിൽ ഒളിപ്പിച്ച് ബി.ജെ.പി. എം.എൽ.എമാരോട് പാർട്ടി ഓഫീസിൽ എത്താൻ രാജസ്ഥാൻ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് ജയ്പൂരിന് പുറത്തുള്ള റിസോർട്ടിലേക്ക് മാറ്റി. രാജ്യ സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. നേരത്തെ കോൺഗ്രസും അവരുടെ എം.എൽ.എമാരെ റിസോർട്ടിൽ ഒളിപ്പിച്ചിരുന്നു.
അതേസമയം, എം.എൽ.എമാരെ റിസോർട്ടിൽ പരിശീലന പരിപാടിക്കായി കൊണ്ടുവന്നതാണെന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പി നേതാക്കളായ നരേന്ദ്രസിങ് തോമർ, അരുൺ സിങ് എന്നിവ ജയ്പൂരിൽ നിന്ന് രാജ്യ സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ട്.
കോൺഗ്രസ് മുൻ ബി.എസ്.പി എം.എൽ.എമാരെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ആറ് ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിനോട് ചേർന്നതോടെ ആകെ അംഗബലം 108 ആയിട്ടുണ്ട്. നാലുപേർ കോൺഗ്രസ് എം.എൽ.എമാർ കഴിയുന്ന ഉദയ്പൂരിലെ റിസോർട്ടിൽ എത്തിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇവരും റിസോർട്ടിലേക്കെത്താം എന്ന് സമ്മതിച്ചിട്ടുണ്ട്.
'ഞങ്ങളെല്ലാവരും ഒരുമിച്ചാണ്. സർക്കാറിന് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഇവർ തങ്ങൾക്കൊപ്പം നിന്നാണ് സഹായിക്കുന്നത്. പിന്നെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിന് എന്താണ്. എല്ലാ എം.എൽ.എമാർക്കും പ്രശ്നങ്ങളുണ്ട്. അത് ഞങ്ങൾ പരിഹരിക്കും'- ഗെഹ്ലോട്ട് പറഞ്ഞു.
രണ്ട് സ്ഥാനാർഥികളെ കോൺഗ്രസിനും ഒരു സ്ഥാനാർഥിയെ ബി.ജെ.പിക്കും ജയിപ്പിക്കാനാവശ്യമായ അംഗബലം നിലവിൽ രാജസ്ഥാനിലുണ്ട്. മൂന്നാമത്തെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ 15 വോട്ടുകൾ കോൺഗ്രസിനും രണ്ടാം സ്ഥാനാർഥിക്ക് 11വോട്ടുകൾ ബി.ജെ.പിക്കും വേണം.
മുകുൾവാസ്നിക്, രൺദീപ് സിങ് സുർജെവാല, പ്രമോദ് തിവാരി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ബി.ജെ.പിക്ക് ഘൻശ്യാം തിവാരിയാണ് സ്ഥാനാർഥി. ഇതു കൂടാതെ ബി.ജെ.പി പിന്തുണയോടെ എസ്സെൽ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്രയും മത്സരരംഗത്തുണ്ട്. ഇതോടെ ശക്തമായ മത്സരം കാഴ്ചവെച്ചാൽ മാത്രമേ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാനാകൂ.
108 എം.എൽ.എ മാരാണ് നിയമ സഭയിൽ കോൺഗ്രസിനുള്ളത്. ഓരോ രാജ്യ സഭാ സ്ഥാനാർഥിക്കും 41 വോട്ടുകൾ വേണം. രണ്ട് സ്ഥാനാർഥികളെ എളുപ്പത്തിൽ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. മൂന്നാം സ്ഥാനാർഥി ജയിക്കണമെങ്കിൽ 15 വോട്ടുകൾ കൂടി ലഭിക്കണം.
ബി.ജെ.പിക്ക് 71 എം.എൽ.എമാരാണ് ഉള്ളത്. ഒരു എം.പിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ 30 വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്ക് ബാക്കിയുണ്ടാവുക. രണ്ടാമത്തെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ 11 വോട്ടുകൾ കൂടി വേണം. ഇതാണ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങുമെന്ന ഭയത്തിലേക്ക് ഇരുപാർട്ടികളെയും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.